ഇന്ത്യയല്ല, ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ആ ടീമിന്; പ്രവചനവുമായി ഗവാസ്കര്‍

By Web TeamFirst Published Feb 16, 2019, 2:25 PM IST
Highlights

2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് ലീഗ് റൗണ്ടില്‍ തന്നെ പുറത്തായശേഷം ഏകദിന ക്രിക്കറ്റിനോടുള്ള ഇംഗ്ലണ്ടിന്റെ സമീപനം അപ്പാടെ മാറി. മികച്ച ഓപ്പണര്‍മാരും മധ്യനിരയും ഓള്‍ റൗണ്ടര്‍മാരും അടങ്ങിയ ഇംഗ്ലണ്ട് ടീം സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ കൂടുതല്‍ കരുത്തരാവും

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീം ഇന്ത്യയല്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഇംഗ്ലണ്ടിനാണ് ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ഗവാസ്കര്‍ പറഞ്ഞു. ആതിഥേയര്‍ എന്ന നിലയില്‍ മാത്രമല്ല, ഏകദിനങ്ങളോടുള്ള സമീപനം തന്നെ മാറ്റിയതും ലോകകപ്പില്‍ മികച്ച കളിക്കാരുണ്ടെന്നതും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നുവെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് ലീഗ് റൗണ്ടില്‍ തന്നെ പുറത്തായശേഷം ഏകദിന ക്രിക്കറ്റിനോടുള്ള ഇംഗ്ലണ്ടിന്റെ സമീപനം അപ്പാടെ മാറി. മികച്ച ഓപ്പണര്‍മാരും മധ്യനിരയും ഓള്‍ റൗണ്ടര്‍മാരും അടങ്ങിയ ഇംഗ്ലണ്ട് ടീം സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ കൂടുതല്‍ കരുത്തരാവും. ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യക്കു തന്നെയാണെന്നും ഗവാസ്കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

2017ലും 2018ലും ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിച്ചിരുന്നുവെന്നത് ഇന്ത്യക്ക് സാധ്യത കൂട്ടുന്നുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ധാരണയുണ്ട്. ഇത് ഇന്ത്യക്കും സാധ്യത നല്‍കുന്നു. എങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത ഇംഗ്ലണ്ടിനാണ്.
ഇന്ത്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ ടീമുകളാവും ലോകകപ്പിന്റെ സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളെന്നും ഗവാസ്കര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ കരുത്തരായ ടീമാണെന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മടങ്ങി വരുന്നതോടെ ഓസ്ട്രേലിയയും ശക്തരാവുമെന്നും ഗവാസ്കര്‍ പറഞ്ഞു.

click me!