
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും. മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജിയെയും റോമ, പോർട്ടോയെയും നേരിടും. രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.
മുനയൊടിഞ്ഞ ആക്രമണ നിരയുമായാണ് പാരിസ് സെന്‍റ് ജർമെയ്ൻ ആദ്യപാദ പോരാട്ടത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പിന്നാലെ എഡിസൻ കവാനി പരുക്കേറ്റ് മടങ്ങിയത് പി എസ് ജിക്ക് ഇരട്ടപ്രഹരമായി. ഫ്രഞ്ച് ലീഗിൽ ബോർഡോയ്ക്ക് എതിരായ മത്സരത്തിനിടെയാണ് കവാനിക്ക് പരുക്കേറ്റത്. മത്സരം പൂർത്തിയാക്കാതെ കവാനി മടങ്ങുകയും ചെയ്തു. കാലിന് പരുക്കേറ്റ നെയ്മർക്ക് ഏപ്രിൽവരെ ബൂട്ടുകെട്ടാനാവില്ല. ഇതോടെ എല്ലാ കണ്ണുകളും കിലിയൻ എംബാപ്പേയിലായിരിക്കും.
ഏഞ്ചൽ ഡി മരിയ പരിക്ക് മാറിയെത്തുന്നത് പി എസ് ജിക്ക് ആശ്വാസമാവും. താൽക്കാലിക കോച്ച് ഒലേ സോൾഷെയറിന് കീഴിൽ അപരാജിതരായി മുന്നേറുകയാണ്
മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ ദിവസം ഫുൾഹാമിനെ തോൽപിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ഫോമിലേക്ക് തിരിച്ചെത്തിയ ആന്തണി മാർഷ്യാലും പോൾ പോഗ്ബയുമാണ് യുണൈറ്റഡിന്‍റെ കരുത്ത്. അന്‍റോണിയോ വലൻസിയ, മാർക്കസ് റോഹോ എന്നിവർ യുണൈറ്റഡ് നിരയിലുണ്ടാവില്ല. ചാമ്പ്യൻസ് ലീഗിൽ ആദ്യമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്.
പോർച്ചുഗീസ് ക്ലബായ പോർട്ടോ, റോമയുടെ ഹോം ഗ്രൗണിലാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. അവസാന നാല് ഏറ്റുമുട്ടിയപ്പോഴും പോർട്ടോയെ കീഴടക്കാൻ റോമയ്ക്ക് കഴിഞ്ഞിട്ടില്ല. നാളെ ടോട്ടനം, ബൊറൂസ്യ ഡോർട്ട് മുണ്ടിനെയും അയാക്സ് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!