അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; കലൂര്‍ സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

By Web DeskFirst Published Sep 27, 2017, 7:14 AM IST
Highlights

കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച കൗണ്ടറിലൂടെ 25 ശതമാനം കിഴിവിലാണ് ടിക്കറ്റ് വില്‍പ്പന. 60 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില. ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. രാവിലെ 10 മണിക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെത്തിയാല്‍ മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കും.

എട്ട് ടിക്കറ്റ് കൗണ്ടറുകളാണ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിലെ മത്സരത്തിന് ഒഴികെയുള്ള ടിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ നിന്ന് ലഭിക്കുക. കളി ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു മാസം മുമ്പേ വിറ്റ് പോയിരുന്നു. ക്വാര്‍ട്ടര്‍, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളടക്കം ആറ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. 25 ശതമാനം ഇളവോടെ 60 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 150 രൂപയ്‌ക്ക് കാറ്റഗറി മൂന്നിലെയും 300 രൂപയ്‌ക്ക് കാറ്റഗറി രണ്ടിലെയും ടിക്കറ്റുകള്‍ ലഭിക്കും.

മൂന്നാംപാദ വില്‍പ്പനയില്‍ ഫിഫ പ്രതീക്ഷിച്ച പോലെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നില്ല. ഇതാണ് ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയിലേക്ക് നയിച്ചത്. മത്സരം നടക്കുന്ന ദിവസങ്ങളിലൊഴിച്ച് സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന നടത്താനാണ് ഫിഫയുടെ തീരുമാനം. മത്സരം നടക്കുന്ന ദിവസങ്ങളില്‍ വില്‍പ്പന നഗരത്തിലെ മറ്റൊരിടത്തേക്ക് മാറ്റും. കൊച്ചി പനമ്പള്ളി നഗറിലെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയം പരിസരത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

 

click me!