
ദുബായ്: സെപ്റ്റംബർ 15 മുതൽ ദുബായിലും അബുദാബിയിലുമായി നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന്റെ മുഖ്യ പ്രയോജക സ്ഥാനം, ആഗോള സാമ്പത്തിക സേവന സ്ഥാപനമായ "യൂണിമണി' നേടി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം അഫ്‌ഗാനിസ്ഥാനും മത്സരിക്കുന്ന ഏഷ്യാകപ്പിൽ യുഎഇ-ഹോങ്കോങ് യോഗ്യതാ ഫൈനലിൽ വിജയിക്കുന്ന ടീമും മാറ്റുരക്കും.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും മദ്ധ്യ പൂർവ്വേഷ്യയിലെയും ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്തുന്നതിനായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ കളിയുത്സവത്തിന് ആദ്യമായാണ് ഒരു ആഗോള ധനകാര്യ ബ്രാൻഡ് മുഖ്യ പ്രായോജകരാവുന്നത്. കഴിഞ്ഞ തവണ 300 ദശലക്ഷം ക്രിക്കറ്റ് പ്രേമികൾ വീക്ഷിച്ച ഏഷ്യാ കപ്പ് ഇപ്രാവശ്യം ചരിത്രം തിരുത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 15 ശനിയാഴ്ച ശ്രീലങ്കയും ബംഗ്‌ളാദേശും തമ്മിലാണ് ഉദ്‌ഘാടന മത്സരം. 28 ന് വെള്ളിയാഴ്ച ഫൈനൽ മത്സരവും ഇതേ വേദിയിലായിരിക്കും. ഇത് മൂന്നാമത്തെ തവണയാണ് ഏഷ്യാകപ്പ് ക്രിക്കറ്റ് യുഎഇ യിൽ നടക്കുന്നത്.
ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ കളിപ്പോരാട്ടം സെപ്റ്റംബർ 19നാണ് നടക്കുക. രണ്ട് വർഷത്തിലൊരിക്കൽ എന്ന കണക്കിൽ കളിക്കമ്പക്കാരുടെ പ്രിയങ്കരമായ ഏകദിന ശൈലി തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും യൂണിമണി ഏഷ്യാകപ്പിനുണ്ട്. ഏഷ്യാകപ്പുമായി സഹകരിക്കാൻ ലഭിച്ച അവസരം അഭിമാനകരമാണെന്ന് യൂണിമണി - യുഎഇ എക്സ്ചേഞ്ച് ശൃംഖലകൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾഡിങ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. യുഎഇ ഒഴികെ തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും യുഎഇ എക്സ്ചേഞ്ച് ഇപ്പോൾ യൂണിമണി എന്ന പൊതുനാമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!