കോപ്പ അമേരിക്ക: ഉറുഗ്വായെ വീഴ്‌ത്തി വെനസ്വേല ക്വാര്‍ട്ടറില്‍

By Web DeskFirst Published Jun 10, 2016, 3:38 AM IST
Highlights

ഫിലാഡല്‍ഫിയ: ശതാബ്ദി കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച വെനസ്വേല ക്വാർട്ടറിൽ കടന്നു. സുവാരസിനെ കരയ്ക്കിരുത്തി ഇറങ്ങിയ ഉറുഗ്വായ് തുടക്കം മുതല്‍ ഒടുക്കം വരെ അവസരങ്ങള്‍ കളഞ്ഞുകളിച്ചശേഷമാണ് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി കോപ്പയില്‍ നിന്ന് പുറത്തേക്കുള്ള വഴി കണ്ടത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോല്‍വി ഏറ്റുവാങ്ങിയ  ഉറുഗ്വയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു. കളിയുടെ ഗതിക്കെതിരെ 36-ാം മിനിറ്റില്‍ ശലോമോന്‍ റാന്‍ഡനാണ് വെനസ്വേലയുടെ വിജയ ഗോള്‍ നേടിയത്. റാന്‍ഡന്‍ തന്നെയാണ് കളിയിലെ കേമന്‍.

പരിക്ക്മൂലം ലൂയിസ് സുവാരസിനെ കരയ്ക്കിരുത്തി കളിച്ചിട്ടും കളിയില്‍ തുടക്കം മുതല്‍ ഉറുഗ്വായ്ക്ക് തന്നെയായിരുന്നു മേധാവിത്വം. എന്നാല്‍ ലഭിച്ച അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച എഡിസന്‍ കവാനിക്കും സ്റ്റുവാനിക്കും ഉറുഗ്വായെ വിജയവര കടത്താനായില്ല. സുവാരസ് ഉണ്ടായിരുന്നെങ്കില്‍ ഉറുഗ്വേ ആരാധകര്‍ ചിന്തിച്ചുപോയെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.  കളിയുടെ ഗതിക്കെതിരെ വെനസ്വേലയുടെ ഗ്വെര 40 വാര അകലെ നിന്ന് അടിച്ച ഒരു ലോംഗ് റേഞ്ചറാണ് ഉറുഗ്വേയുടെ ഹൃദയം തകര്‍ത്തത്. സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ഉറുഗ്വ ഗോള്‍ കീപ്പര്‍ മുസ്ലേര വലതുവിംഗില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് കുത്തി അകറ്റിയെങ്കിലും ബാറില്‍ തട്ടി താഴെ വീണ പന്ത് വീണ്ടും വലയ്ക്കുള്ളിലാക്കി റോന്‍ഡന്‍ ഉറുഗ്വയെ ഞെട്ടിച്ചു.

അപ്രതീക്ഷിത ഗോളിന്റെ സമ്മര്‍ദ്ദത്തില്‍ ആക്രമണം ശക്തമാക്കിയ ഉറുഗ്വയ്ക്ക് പക്ഷെ ഗോള്‍ മാത്രം നേടാനായില്ല. ലോംഗ് റേഞ്ചറുകളിലൂടെയും സെറ്റ്പീസുകളിലൂടെയുമാണ് അവര്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചത്. ഇതിനിടെ അപ്രതീക്ഷിത പ്രത്യാക്രമണങ്ങളിലൂടെ വെനസ്വേല ഉറുഗ്വയെ വിറപ്പിക്കുകയും ചെയ്തു.  ഫൈനല്‍ വിസിലിന് തൊട്ടു മുമ്പ് സമനില ഗോളിന് ഉറുഗ്വയ്ക്ക് രണ്ട് തുറന്ന അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും അതും ഗോളിലെത്തിക്കാന്‍ അവരുടെ മുന്നേറ്റ നിരയ്ക്കായില്ല. ഗോളടിക്കാന്‍ മറന്ന ഉറുഗ്വയെ കണ്ട് കരയ്ക്കിരുന്ന കരയാനെ സുവാരസിനായുള്ളു.

click me!