ടി20 ലോകകപ്പിൽ സഹിബ്‌സാദ ഫർഹാന്റെ (100) സെഞ്ചുറിയുടെയും ഫഖർ സമാന്റെ (82) ഇന്നിംഗ്സിന്റെയും മികവിൽ പാകിസ്ഥാൻ ശ്രീലങ്കയ്‌ക്കെതിരെ 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി.
പല്ലെകേലെ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. പല്ലെകേലെ, അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് വേണ്ടി സഹിബ്‌സാദ ഫര്‍ഹാന്‍ (60 പന്തില്‍ 100) സെഞ്ചുറി നേടി. ലോകകപ്പില്‍ ഫര്‍ഹാന്റെ രണ്ടാം സെഞ്ചുറിയാണിത്. ഫഖര്‍ സമാന്‍ 42 പന്തില്‍ 82 റണ്‍സെടുത്തു. എട്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷനകയ്ക്ക് രണ്ട് വിക്കറ്റുണ്ട്. ശ്രീലങ്കയെ 147 റണ്‍സിനുള്ളില്‍ പുറത്താക്കിയാല്‍ പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാം. ന്യൂസിലന്‍ഡിന് പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്യും.
ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. കൂറ്റന്‍ ജയം വേണമെന്നിരിക്കെ ഫര്‍ഹാന്‍-സമാന്‍ സഖ്യം തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും 176 റണ്‍സ് അടിച്ചെടുത്തു. സമാനായിരുന്നു കൂടുതല്‍ ആക്രമകാരി. 16-ാം ഓവറില്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സമാന്‍, ദുഷമന്ത് ചമീരയുടെ പന്തില്‍ പുറത്തായി. 42 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ഒമ്പത് ഫോറും നേടി. പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ലെന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.
അധികം വൈകാതെ ഫര്‍ഹാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 60 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. ഇതിനിടെ ഖവാജ നഫായ് (2), ഷദാബ് ഖാന്‍ (7), മുഹമ്മദ് നവാസ് (0), സല്‍മാന്‍ അഗ (0) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. ഉസ്മാന്‍ ഖാന്‍ (8), അബ്രാര്‍ അഹമ്മദ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷഹീന്‍ അഫ്രീദി (4), നസീം ഷാ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലാണ്. പവന്‍ രത്നായകെ (6), ചരിത് അസലങ്ക (10) എന്നിവരാണ് ക്രീസില്‍. പതും നിസ്സങ്ക (3), കാമില്‍ മിഷാര (22) എന്നിവരുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

