ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ വെങ്കിടേഷ് പ്രസാദും

By Web DeskFirst Published Jun 8, 2016, 3:47 PM IST
Highlights

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകനാവാന്‍ മുന്‍ പേസ് ബൗളറും ഇന്ത്യയുടെ ബൗളിംഗ് പരിശീകലകനുമായിരുന്ന വെങ്കിടേഷ് പ്രസാദ് അപേക്ഷ നല്‍കി. നിലവില്‍ ബിസിസിഐയുടെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ് വെങ്കിടേഷ് പ്രസാദ് ഇപ്പോള്‍. 2007ല്‍ ഇന്ത്യന്‍ ടീം ധോണിയുടെ നേതൃത്വത്തില്‍ ട്വന്റി-20 ലോകകിരീടം നേടിയപ്പോള്‍ പ്രസാദായിരുന്നു ബൗളിംഗ് പരിശീലകന്‍.

അതേസമയം, മുഖ്യ പരിശീലകനാക്കിയില്ലെങ്കില്‍ ബൗളിംഗ് പരിശീലകനാവുന്നതിന് പ്രസാദ് സന്നദ്ധനാണെന്ന് സൂചനയുണ്ട്. 2008ല്‍ ഗാരി കിര്‍സ്റ്റന്‍ മുഖ്യ പരീശീലകനായപ്പോഴാണ് പ്രസാദിനെ ബൗളിംഗ് പരിശീലക സ്ഥാനത്തു നിന്ന് നീക്കിയത്. ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു പ്രസാദ്.

അടുത്തിടെ ബംഗ്ലാദേശിന്റെ ബൗളിംഗ് പരിശീലകനായി പ്രസാദിനെ പരിഗണിച്ചിരുന്നു. ഹീത്ത് സ്ട്രീക്ക് പകരക്കാരനായായിരുന്നു ഇത്. എന്നാല്‍ പ്രസാദ് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍, മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി എന്നിവരും പരിശീലക പദവിയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരായിരിക്കണം പരിശീലകരെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ ധോണി വ്യക്തമാക്കിയിരുന്നു. ഈ മാസം 24ന് ബിസിസിഐ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

click me!