ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിനീഷ്യസ് ജൂനിയര്‍ അണ്ടര്‍17 ലോകകപ്പ് കളിക്കില്ല

By web deskFirst Published Sep 30, 2017, 8:05 AM IST
Highlights

റിയോ ഡി ജനീറോ: അണ്ടര്‍ 17 ലോകകപ്പില്‍ പന്തുതട്ടാന്‍ ബ്രസീലിയന്‍ കൗമാര വിസ്മയം വിനീഷ്യസ് ജൂനിയര്‍ ഇന്ത്യയിലെത്തില്ല. ലോകകപ്പിന്‍റെ താരമാകുമെന്ന് പ്രവചിക്കപ്പെട്ട വിനീഷ്യസ് വരില്ലെന്ന കാര്യം ബ്രസീല്‍ ടീം മീഡിയ മാനേജര്‍ ഗ്രിഗോറിയോ ഫെര്‍ണാണ്ടസ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ സ്‌പെയിനിനെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് ഗോളടിച്ച് ടോപ്പ് സ്കോററായിരുന്നു 17കാരനായ വിനീഷ്യസ്. 

വേഗവും പ്രതിഭയും കൊണ്ട് നെയ്മറിന്‍റെ പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടുന്ന താരമാണ് വിനീഷ്യസ്.  റയല്‍  മാഡ്രിഡ് 45 മില്ല്യണ്‍ യൂറോ നല്‍കി ബ്രസീലിന്‍റെ വണ്ടര്‍ ബോയിയെ കഴിഞ്ഞ വര്‍ഷം ടീമിലെത്തിച്ചിരുന്നു. എന്നാല്‍ വിനീഷ്യസിന്‍റെ അഭാവത്തിലും കപ്പുയര്‍ത്താന്‍ ബ്രസീലിനാകുമെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു. ലോണ്‍ വ്യവസ്ഥയില്‍ വിനീഷ്യസ് കളിക്കുന്ന ഫ്ലെമന്‍ഗോ ക്ലബ് കോപ്പ ഡി ബ്രസീലില്‍ പരാജയപ്പെട്ടതാണ് പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. 

click me!