ഹോം ഗ്രൗണ്ടില്‍ ഫോഴ്‌സ കൊച്ചി എഫ്‌ സി നിറഞ്ഞാടിയപ്പോള്‍ സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളില്‍ തിരുവനന്തപുരം കൊമ്പന്‍സ്‌ എഫ്‌ സിയുടെ കൊമ്പൊടിഞ്ഞു. എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു ഫോഴ്‌സ കൊച്ചിയുടെ ജയം. ഇതോടെ, നാല്‌ കളികളില്‍ എട്ട്‌ പോയിന്റുമായി ഫോഴ്‌സ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ കയറി.

കൊച്ചി: ഹോം ഗ്രൗണ്ടില്‍ ഫോഴ്‌സ കൊച്ചി എഫ്‌ സി നിറഞ്ഞാടിയപ്പോള്‍ സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളില്‍ തിരുവനന്തപുരം കൊമ്പന്‍സ്‌ എഫ്‌ സിയുടെ കൊമ്പൊടിഞ്ഞു. എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു ഫോഴ്‌സ കൊച്ചിയുടെ ജയം. ഇതോടെ, നാല്‌ കളികളില്‍ എട്ട്‌ പോയിന്റുമായി ഫോഴ്‌സ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ കയറി. നാല്‌ കളികളില്‍ നാല്‌ പോയിന്റുള്ള കൊമ്പന്‍സ്‌ നാലാം സ്ഥാനത്താണ്‌.കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി രാഘവ് ഗുപ്ത, രാഹുൽ രാജു, ഹർഷൽ റഹ്‌മാൻ എന്നിവരാണ് കൊച്ചിയുടെ ഗോൾ വേട്ടക്കാർ.

ആറാം മിനിറ്റിൽ തന്നെ കൊച്ചി ആദ്യ ഗോൾ നേടി. വലതു വിങിൽ നിന്ന് ഡീഗോ ഹെർണാണ്ടസ് ഉയർത്തി നൽകിയ പന്ത് രാഹുൽ രാജു കൃത്യമായ ഹെഡറിലൂടെ രാഘവ് ഗുപ്തയുടെ മുന്നിലേക്ക് വഴിതിരിച്ചുവിട്ടു. ബോക്സിനുള്ളിലെ ചെറിയ ഇടം കൃത്യമായി വായിച്ച ഗുപ്തയുടെ ക്ലോസ് റേഞ്ച് ഷോട്ട് വലയിലെത്തുമ്പോൾ കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്തിന് പ്രതികരിക്കാൻ പോലും അവസരമുണ്ടായിരുന്നില്ല(1–0). വിങിലൂടെയുള്ള നീക്കവും ബോക്സിനുള്ളിലെ കൃത്യമായ പൊസിഷനിങ്ങും ഒത്തുചേർന്നപ്പോൾ കൊച്ചിക്ക് തുടക്കത്തിൽ തന്നെ ലീഡ്.

രണ്ടു മിനിറ്റിനകം കൊമ്പൻസിന് തിരിച്ചടിക്കാൻ അവസരം ലഭിച്ചു. പാട്രിക് മോട്ടയുടെ ഫ്രീകിക്കിൽ കൊച്ചി പ്രതിരോധം പതറിയെങ്കിലും, ഷിജിനും പൗളോ സാന്റോസും ഷോട്ട് എടുക്കുന്നതിൽ കാണിച്ച ആശയക്കുഴപ്പം കൊച്ചിയെ തുണച്ചു. കൊച്ചിയുടെ തുടർച്ചയായ രണ്ട് ആക്രമണങ്ങൾ പോസ്റ്റിലും ക്രോസ് ബാറിലും തട്ടിത്തെറിച്ചതിന് പിന്നാലെ 35-ാം മിനിറ്റിൽ ആതിഥേയർ ലീഡ് രണ്ടാക്കി. ഇടതുവിങ്ങിലൂടെ മുന്നേറിയ രാഹുൽ രാജു കൃത്യമായ ഫിനിഷിങിലൂടെ പന്ത് വലയിലെത്തിച്ചു (2–0). സീസണിലെ താരത്തിന്റെ മൂന്നാം ഗോൾ. ആദ്യപകുതി അവസാനിക്കുംമുമ്പേ ആക്രമണത്തിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമത്തിൽ കൊമ്പൻസ് ഷിജിനെ പിൻവലിച്ച് ഹൃതിക് ആന്റണിയെ കളത്തിലിറക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് തിരിച്ചടിക്ക് ശ്രമിച്ചപ്പോഴെല്ലാം കൊച്ചി പ്രതിരോധം ഉറച്ചുനിന്നു. പിന്നിലേക്ക് ഇറങ്ങിവന്ന് നായകൻ ജോനാഥൻ പരേര പ്രതിരോധനിരയെ നയിച്ച് എതിർനീക്കങ്ങളെ തടഞ്ഞു. 66-ാം മിനിറ്റിൽ കൊച്ചി മൂന്നാം ഗോൾ നേടി. ബോക്സിന് പുറത്തുനിന്നുള്ള ഹർഷൽ റഹ്മാന്റെ ഷോട്ട്, ഡൈവ് ചെയ്തു തടയാൻ ശ്രമിച്ച കൊമ്പൻസ് ഗോളി സത്യജിത്തിന്റെ കൈകൾക്കിടയിലൂടെ പന്ത് പോസ്റ്റിൽ കയറി (3-0). 88-ാം മിനിറ്റിൽ പാട്രിക് മോട്ടയെടുത്ത ഫ്രീ കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയതോടെ കൊമ്പൻമാരുടെ പോരാട്ടം അവസാനിച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK