കോലി മികച്ച നായകന്‍; പിന്തുണച്ച് മാര്‍ക് ബൗച്ചര്‍

By Web DeskFirst Published Jan 21, 2018, 8:19 PM IST
Highlights

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് തോല്‍വിയില്‍ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നേരെയുണ്ടായത്. കോലിയുടെ ടീം സെലക്ഷനാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. കോലി ഗ്രൗണ്ടില്‍ സംയമനം പാലിക്കണമെന്ന് മുന്‍ താരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ കോലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മാര്‍ക് ബൗച്ചര്‍. 

വൈകാരികമായി ക്രിക്കറ്റിനെ സമീപിക്കുന്ന വിരാട് കോലി മികച്ച താരവും നായകനുമാണ്. ഐപിഎല്ലില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്സില്‍ ഒരുമിച്ച് കളിച്ചുപരിചയമുള്ള തനിക്കത് കൃത്യമായി അറിയാം. മികച്ച ഫോമില്‍ കളിക്കുന്ന കോലി സഹതാരങ്ങളില്‍ നിന്നും അതേ പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. സഹതാരങ്ങള്‍ ആ ഉത്തരവാദിത്വം മനോഹരമായി പുലര്‍ത്തുന്നുണ്ട് എന്നാണ് തന്‍റെ വിശ്വാസം. അതിനാല്‍ കാര്യമായ പ്രശ്നങ്ങള്‍ ഇന്ത്യന്‍ ക്യാംപിലില്ല എന്ന് കരുതുന്നതായി ബൗച്ചര്‍ പറഞ്ഞു.

എന്നാല്‍ സ്ലിപില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിംഗ് പൊസിഷന്‍ ശരിയല്ലെന്ന് ബൗച്ചര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പിച്ചുകളെക്കാള്‍ വേഗത്തിലാണ് പ്രോട്ടീസ് പിച്ചില്‍ പന്ത് സ്ലിപിലെത്തുന്നത് എന്നതിനാല്‍ ഇന്ത്യ ഫീല്‍ഡിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ബൗച്ചര്‍ പറഞ്ഞു. നായകനെന്ന നിലയില്‍ കോലി തുടക്കക്കാരനും ദക്ഷിണാഫ്രിക്കയില്‍ പരിചയസമ്പത്ത് കുറവുള്ളയാളുമാണ്. എന്നാല്‍ ഓരോ മത്സരത്തില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്ന കോലിക്ക് ടീമിനെ മുന്നില്‍ നിന്ന് നയിക്കാനാകുമെന്ന് മാര്‍ക് ബൗച്ചര്‍ പറയുന്നു.
 

click me!