ജന്മദിനത്തില്‍ വിരാട് കൊഹ്‌ലി എന്ന ക്യാപ്റ്റന്‍

By Anuraj G RFirst Published Nov 5, 2016, 12:40 AM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലാമെല്ലാമാണ് വിരാട് കൊഹ്‌ലി. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലുമായ വിരാട് കൊഹ്‌ലിയുടെ ജന്മദിനമാണ് ഇന്ന്. വിരാട് കൊഹ്‌ലി ജനിച്ചിട്ട് 27 വര്‍ഷം പിന്നിട്ടിരുന്നു. ഇരുപത്തിയെട്ട് വയസിന്റെ നിറവിലേക്ക് കൊഹ്‌ലി പാഡ് കെട്ടുകയാണ് ഇന്ന്. ക്രിക്കറ്റ് ലോകവും ആരാധകരും ആശംസകള്‍ കൊണ്ട് മൂടുന്ന ദിവസം. ഇരുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന കൊഹ്‌ലി ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ 17 മല്‍സരങ്ങള്‍ പിന്നിട്ടിരിക്കുന്നു.


ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് വിരാട് കൊഹ്‌ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒഴിച്ചിട്ടുപോയ ബാറ്റിംഗ് സിംഹാസനം എത്രവേഗമാണ് കൊഹ്‌ലി സ്വന്തമാക്കിയത്. ബാറ്റിംഗിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വസ്‌തനായി മാറിയ കൊഹ്‌ലി, ഓരോ ദിവസവും ഓരോ റെക്കോര്‍ഡുകളാണ് തകര്‍ത്തുകൊണ്ടാണ് ക്രീസില്‍നിന്ന് മടങ്ങുന്നത്. എത്ര മികവുള്ളവരാണെങ്കിലും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം പ്രകടനത്തെ ബാധിക്കുമെന്നാണ് പൊതുവെയുള്ള വെയ്‌പ്പ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും അത്തരമൊരു വിമര്‍ശനത്തിന്റെ വലയത്തിലായിരുന്നു. എന്നാല്‍ കൊഹ്‌ലി എന്ന ക്യാപ്റ്റന് അത്തരം സമ്മര്‍ദ്ദങ്ങളൊന്നുമില്ല.

2014ല്‍ ഓസ്‌ട്രേലിയ്ക്കെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റിലാണ് കൊഹ്‌ലി ആദ്യമായി ഇന്ത്യയെ നയിച്ചത്.

ക്യാപ്റ്റനായിരുന്ന ധോണിയുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റപ്പോഴാണ് കൊഹ്‌ലി ടീമിനെ നയിക്കാനെത്തയത്. അന്ന് രണ്ടു ഇന്നിംഗ്സുകളിലും(115, 141) സെ‌ഞ്ച്വറി നേടിയാണ് കൊഹ്‌ലി ടെസ്റ്റ് നായകപദവിയുടെ അരങ്ങേറ്റം ആഘോഷിച്ചത്. മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ചില നേതൃഗുണങ്ങള്‍ അന്നുതന്നെ കൊഹ്‌ലി പുറത്തെടുത്തു.

അന്നത്തെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രണ്ടും മൂന്നും മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ചത് പരിക്ക് മാറിയെത്തിയ ധോണിയായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റിന് ശേഷം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ധോണി ടെസ്റ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ധോണിയുടെ പകരക്കാരനായി കൊഹ്‌ലിയെ നിയോഗിക്കുന്ന കാര്യത്തില്‍ രണ്ടാമതൊരു ആലോചന സെലക്‌ടര്‍മാര്‍ക്ക് വേണ്ടിവന്നില്ല. അങ്ങനെ ശരിക്കും അവിടെനിന്നാണ് കൊഹ്‌ലി എന്ന ടെസ്റ്റ് നായകന്റെ രണ്ടാം ഇന്നിംഗ്സ് തുടങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പിന്നീടുള്ളതെല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തിയ ചരിത്രമായിരുന്നു.

17 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കൊഹ്‌ലി 10 വിജയങ്ങളും അഞ്ചു സമനിലകളുമാണ് ഇന്ത്യയ്‌ക്ക് സമ്മാനിച്ചത്. രണ്ടു കളികള്‍ മാത്രമാണ് ഇന്ത്യ, കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ തോറ്റത്.

ക്യാപ്റ്റനെന്ന നിലയില്‍ കൊഹ്‌ലി എന്ന ബാറ്റ്‌സ്‌മാന്റെ പ്രകടനമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ക്യാപ്റ്റനാകുന്നതിന് മുമ്പത്തേക്കാള്‍ മിന്നുന്ന പ്രകടനമാണ് ക്യാപ്റ്റന്‍ കൊഹ്‌ലി ബാറ്റുകൊണ്ടു അടിച്ചെടുത്തത്. ക്യാപ്റ്റനായ മല്‍സരങ്ങളില്‍ കൊഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 13 പോയിന്റിലേറെ കുതിച്ചുയര്‍ന്നു. ഈ സമയത്ത് 53.92 ആണ് കൊഹ്‌ലിയുടെ ശരാശരി. ക്യാപ്റ്റനാകുന്നതിന് മുമ്പുള്ള 31 ടെസ്റ്റില്‍ കൊഹ്‌ലി അടിച്ചെടുത്തത് 2098 റണ്‍സ് ആയിരുന്നു. ഇതില്‍ 7 സെഞ്ച്വറികളുണ്ട്. എന്നാല്‍ ക്യാപ്റ്റനായ 17 ടെസ്റ്റുകളില്‍ നിന്ന് 1456 റണ്‍സ് അടിച്ചെടുത്ത കൊഹ്‌ലി ആറു സെഞ്ച്വറികളും സ്വന്തമാക്കി.

കൊഹ്‌ലി എന്ന ബാറ്റ്‌സ്‌മാനും ക്യാപ്റ്റനും ഇന്നത്തെ മികവ് തുടര്‍ന്നാല്‍, വരുംനാളുകള്‍ ക്രിക്കറ്റ് ലോകം ഇന്ത്യ അടക്കിഭരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഒപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന നേട്ടത്തിലേക്കുള്ള ദൂരം കൊഹ്‌ലിക്കുമുന്നില്‍ കുറഞ്ഞുവരുമെന്ന കാര്യത്തിലും രണ്ടാമതൊരു അഭിപ്രായം ഉണ്ടാകില്ല. കൊഹ്‌ലി എന്ന ക്യാപ്റ്റന്റെ ചിറകിലേറി ടീം ഇന്ത്യ പറക്കുന്ന കാഴ്‌ചകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍...

വിരാട് കൊഹ്‌ലിക്ക് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയുടെ ജന്മദിനാശംസകള്‍...

click me!