കോലി ബൗണ്ടറി നേടിയിട്ടും അമ്പയര്‍ അനുവദിച്ചില്ല; കാരണം

By Web DeskFirst Published Sep 21, 2017, 6:20 PM IST
Highlights

കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആഷ്ടണ്‍ അഗര്‍ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേടിയ ബൗണ്ടറി അമ്പയര്‍ അനില്‍ ചൗധരി അസാധുവാക്കി. മത്സരത്തിലെ 34-ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഈ സമയം കോലി 81 റണ്‍സുമായി ബാറ്റിംഗ് തുടരുകയായിരുന്നു. ഇടം കൈയന്‍ സ്പിന്നറായ അഗറിന്റെ ആദ്യ പന്തില്‍ മിഡ്‌വിക്കറ്റിലേക്ക് അടിച്ച് കോലി രണ്ട് റണ്‍സ് ഓടിയെടുത്തു.

ഗുഡ് ലെംഗ്‌ത്തില്‍ എത്തിയ അടുത്ത പന്ത് ലേറ്റ് കട്ടിലൂടെ തേര്‍ഡ് മാനിലേക്ക് തിരിച്ചുവിട്ട കോലി ബൗണ്ടറി നേടി. എന്നാല്‍ പന്തെറിയുന്നതിന് മുമ്പെ അഗറിന്റെ പുറകില്‍ വെച്ചിരുന്ന ടവല്‍ പിച്ചിലേക്ക് വീണതിനാല്‍ അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചിരുന്നു. ഇത് കോലി ശ്രദ്ധിച്ചിരുന്നില്ല. ബൗണ്ടറി നേടിയെന്ന് ഉറപ്പിച്ചിരിക്കെയാണ് കോലി അമ്പയറുടെ ഡെഡ് ബോള്‍ സിഗ്നല്‍ കണ്ടത്. അഗറാകട്ടെ ഒരു ബൗണ്ടറിയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു. വീണ്ടും അഗര്‍ രണ്ടാം പന്തെറിഞ്ഞപ്പോള്‍ കോലിക്ക് റണ്ണെടുക്കാനും കഴിഞ്ഞില്ല.

അങ്ങനെ ബൗണ്ടറി നേടിയിട്ടും ഇന്ത്യക്കും കോലിക്കും നാലു റണ്‍സ് നഷ്ടമാകുകയും ചെയ്തു. വെറും 8 റണ്‍സകലെയാണ് കോലിയ്ക്ക് സെഞ്ചുറി നഷ്ടമായത്. കോലിക്കും ഇന്ത്യക്കും നഷ്ടമായ നാലു റണ്‍സ് അന്തിമഫലത്തില്‍ എന്തുമാറ്റമാണ് വരുത്തുകയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

click me!