'സ്ത്രീകള്‍ പുരുഷനെക്കാള്‍ കരുത്തര്‍'; വനിതാദിനത്തില്‍ കയ്യടി നേടി കോലി

By Web DeskFirst Published Mar 8, 2018, 10:11 PM IST
Highlights
  • എങ്ങനെയാണ് സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയാന്‍ കഴിയുകയെന്ന് കോലി 

ദില്ലി: ഇന്ത്യന്‍ ബാറ്റിംഗിലെ കരുത്തനാണ് നായകന്‍ വിരാട് കോലി. നിലപാടുകളിലും കരുത്തനാണെന്ന് താനെന്ന് പലകുറി കോലി തെളിയിച്ചിട്ടുണ്ട്. ലോക വനിതാദിനത്തില്‍ കോലി നല്‍കിയ സന്ദേശം ആ കരുത്ത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് കോലി ലോകവനിതാ ദിനത്തിന്‍റെ സന്ദേശം പങ്കുവെച്ചത്. 

സ്ത്രീയും പുരുഷനും തുല്യരാണെന്ന് നാമെല്ലാം പറയുന്നു. പുരുഷന്‍മാരേക്കാള്‍ ലൈംഗിക അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം, വിവേചനങ്ങള്‍ എന്നിവയെല്ലാം നേരിടുന്നത് സ്ത്രീകളാണ്. എന്നിട്ടും അവര്‍ നമ്മളേക്കാള്‍ കരുത്തും വിജയവും ജീവിതത്തില്‍ കാട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് അവര്‍ പുരുഷന് തുല്യരാണെന്ന് പറയാന്‍ കഴിയുകയെന്ന് കോലി ചോദിക്കുന്നു. 

അതിനാല്‍ സ്ത്രീകള്‍ തുല്യരല്ലെന്നും പുരുഷന്‍മാരേക്കാള്‍ മുകളിലുമാണെന്നുമാണ് കോലിയുടെ നിലപാട്. നിങ്ങളുടെ ജീവിതത്തിലെ അസാധാരണമായ വനിതയാരെന്ന് ടാഗ് ചെയ്യാനും കോലി ട്വിറ്റര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കോലിയുടെ ആഹ്വാനം.

തന്‍റെ ജീവിതത്തില്‍ അനുഷ്ക ശര്‍മ്മയുടെ പ്രാധാന്യം കോലി നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. സമ്മര്‍ദ്ധഘട്ടങ്ങളില്‍ അനുഷ്ക നല്‍കിയ പിന്തുണയും കോലി വ്യക്തമാക്കിയിരുന്നു. കോലിയുടെ സന്ദേശം ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 

click me!