
ബംഗലൂരു: ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് പരോക്ഷ മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രാജ്യത്തിന് എതിരാകുന്ന ഒരു കാര്യത്തെയും താന്‍ പിന്തുണക്കില്ലെന്നും രാജ്യത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്നും കോലി പറഞ്ഞു. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഇന്ത്യയുടെ താല്‍പര്യത്തിനുതന്നെയാണ് സ്വാഭാവികമായും ഞാന്‍ മുന്‍തൂക്കം നല്‍കുക. അതിനെതിരെ വരുന്ന ഏത് കാര്യവും എതിര്‍ത്തേ മതിയാവു. രാജ്യതാല്‍പര്യത്തിന് എതിരായ ഒരുകാര്യത്തിനും എന്റെ പിന്തുണയുണ്ടാവില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. വിവാദത്തിന് കാരണമായ വിഷയങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ലെങ്കിലും രാജ്യതാല്‍പര്യത്തിനൊപ്പം തന്നെയാണ് ഞാന്‍ എപ്പോഴും നില്‍ക്കുകയെന്നും അഫ്രീദിയുടെ അടുത്ത സുഹൃത്ത്കൂടിയായ കോലി പറഞ്ഞു.
നേരത്തെ അഫ്രീദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. എന്നത്തേയും പോലെ, ഇക്കുറിയും നോബോളിൽ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗംഭീർ ട്വീറ്റ് ചെയ്തു. അഫ്രീദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങൾ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ് ഗംഭീറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. തുടർന്നാണ് ‘നോബോളിലെ വിക്കറ്റ് ആഘോഷമെന്ന’ പ്രയോഗത്തിലൂടെ ഗംഭീറിന്റെ ഗംഭീര പ്രതികരണമെത്തിയത്.
‘ഇന്ത്യൻ അധീന കശ്മീരിൽ നിഷ്കളങ്കരായ’ വ്യക്തികൾക്കു നേരെ നടക്കുന്ന അതിക്രമത്തെ അപലപിച്ചും ഇതിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടാത്തതിൽ അദ്ഭുതം രേഖപ്പെടുത്തിയുമാണ് അഫ്രീദി ട്വിറ്ററിലൂടെ നേരത്തെ രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിനും നിശ്ചയദാർഢ്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ശ്രമം, നിഷ്കളങ്കരായ സാധാരണക്കാർ കശ്മീരിൽ വെടിയേറ്റു വീഴുന്നതിന് ഇടയാക്കുന്നുവെന്നായിരുന്നു അഫ്രീദിയുടെ കുറിപ്പ്. ഇത്തരം ‘മനുഷ്യാവകാശ ധ്വംസനങ്ങൾ’ നടക്കുമ്പോൾ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ എവിടെയാണെന്നും അഫ്രീദി കുറിച്ചിരുന്നു.
കശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലുമായി നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലായി സൈന്യം 13 ഭീകരരെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഭീകരരുടെ പരിശീലനകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ഷോപിയാനിലാണ് ഇതിൽ പത്തുപേരും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുകളിൽ മൂന്നു സൈനികരും വീരമൃത്യു വരിച്ചിരുന്നു. നാലു നാട്ടുകാരും കൊല്ലപ്പെട്ടു. ഇതിനോടുള്ള പ്രതികരണമായാണ് അഫ്രീദിയുടെ ട്വീറ്റ് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!