വിശാഖപ്പട്ടണം കോലിയുടെ സ്വന്തം ഗ്രൗണ്ട്; റണ്‍സ് കടലുപോലെ പരന്ന് കിടപ്പാണ്

By Web TeamFirst Published Oct 24, 2018, 1:44 PM IST
Highlights

തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിന്‍ഡീസിനെതിരേ ടെസ്റ്റിലും ഏകദിനത്തിലും താരം ഒരുപോലെ കളിക്കുന്നു. ഗോഹട്ടിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറി നേടുകയുണ്ടായി.

വിശാഖപ്പട്ടണം: തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിന്‍ഡീസിനെതിരേ ടെസ്റ്റിലും ഏകദിനത്തിലും താരം ഒരുപോലെ കളിക്കുന്നു. ഗോഹട്ടിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറി നേടുകയുണ്ടായി. അടിക്കൊണ്ട് തളര്‍ന്ന വിന്‍ഡീസ് ബൗളര്‍മാര്‍ തന്നെയാണ് ഇന്ന് ഇന്ത്യക്കെതിരേ വിശാഖപ്പട്ടണത്ത് രണ്ടാം മത്സരത്തിനിറങ്ങുന്നത്. 1.30നാണ് മത്സരം. ഈ ഫോമിനൊപ്പം വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും സംഘവും മറ്റൊരു കാര്യം കൂടി മനസിലാക്കേണ്ടതുണ്ട്. വിശാഖപ്പട്ടണം ഡോ. വൈ.എസ് രാജശേഖര റെഡ്ഡി സ്‌റ്റേഡിയത്തില്‍ കോലിയുടെ ബാറ്റിങ് റെക്കോഡുകള്‍ തന്നെ. 

വിശാഖപ്പട്ടണത്ത് നാല് ഏകദിനങ്ങളാണ് കോലി പാഡ് കെട്ടിയത്. ഇത്രയും ഏകദിനങ്ങളില്‍ നിന്ന് നേടിയത് 399 റണ്‍സ്. അതും 99.75 ശരാശരിയില്‍. സ്‌ട്രൈക്കറ്റ് റേറ്റ് 95ഉം. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഇവിടെ കോലിക്കുണ്ട്. ഒരു തവണ 99 റണ്‍സിലാണ് പുറത്തായത്. ഇവിടെ രണ്ട് മാന്‍ ഓഫ് ദ മാച്ചും കോലിയുടെ പേരിലുണ്ട്. ടെസ്റ്റിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. രണ്ട് ടെസ്റ്റുകളാണ് കോലി വിശാഖപ്പട്ടത്ത് കറളിച്ചത്. 124 റണ്‍സ് ശരാശരിയില്‍ കോലി നേടിയത് 248 റണ്‍സ്. ഈ ഫോമില്‍ കളിക്കുമ്പോള്‍ കോലിയെ മെരുക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ കഴിവിന്റെ മുഴുവനും പുറത്തെടുക്കേണ്ടി വരും.

വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്ക് ഇനി 81 റണ്‍സ് കൂടി മതി. പിന്തള്ളുന്നത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. ഇത്രയും റണ്‍സ് നേടിയാല്‍ 10,000 റണ്‍സ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവും കോലി. സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എം.എസ് ധോണി 10,000 നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 174 റണ്‍ ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു.

click me!