
പെര്‍ത്ത്: ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നടക്കുന്ന പെര്‍ത്തിലേക്കുള്ള വിമാനയാത്രയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായി ബിസിനസ് ക്ലാസിലെ കൂടുതല്‍ സൗകര്യമുള്ള തങ്ങളുടെ സീറ്റുകള്‍ നല്‍കി ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മയും. ബിസിനസ് ക്ലാസില്‍ തങ്ങള്‍ക്ക് അനുവദിച്ച സീറ്റാണ് കോലിയും അനുഷ്കയും ഇന്ത്യന്‍ പേസര്‍മാര്‍ക്കായി ഒഴിഞ്ഞുകൊടുത്തത്.
മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണാണ് ഇക്കാര്യം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. ഓസ്ട്രേലിയ കരുതിയിരിക്കുക, പേസര്‍മാരെ കൂടുതല്‍ റിലാക്സ് ചെയ്യിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മനുഷ്യത്വപരമായ നടപടികളിലൂടെ ടീമിനെ കൂടുതല്‍ ഒത്തൊരുമിച്ച് കൊണ്ടുപോകുന്നുവെന്നായിരുന്നു വോണിന്റെ ട്വീറ്റ്.
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഇതുപോലെ പേസര്‍മാര്‍ക്കായി തന്റെ ബിസിനസ് ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ കോലിയും അതേ മാതൃക പിന്തുടരുന്നു. പെര്‍ത്തിലെ പിച്ച് പേസര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്‌ലെയ്ഡ് വിജയത്തിനുശേഷം പരിശീലനത്തിന് പകരം താരങ്ങളോട് വിശ്രമിക്കാന്‍ കോച്ച് രവി ശാസ്ത്രി നിര്‍ദേശിച്ചിരുന്നു.