ഐപിഎല്‍ ഫിക്സചറായി; ആദ്യ മത്സരത്തില്‍ കൊഹ്‌ലിയും വാര്‍ണറും നേര്‍ക്കുനേര്‍

By Web DeskFirst Published Feb 16, 2017, 9:24 AM IST
Highlights

മുംബൈ: ഐപിഎല്‍ പത്താം സീസണിന്റെ ഫിക്സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നേരിടും. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍  രണ്ടാമതെത്തിയ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്സിന്റെ നായകന്‍. റണ്‍വേട്ടയില്‍ ഒന്നാമനായ വിരാട് കൊഹ്‌ലിയാണ് ബംഗലൂരുവിനെ നയിക്കുക.

47 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ പത്ത് ഗ്രൗണ്ടുകളിലായാണ് നടക്കുക. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും 14 മത്സരങ്ങള്‍ വീതം കളിക്കണം. ഏഴെണ്ണം ഹോം ഗ്രൗണ്ടിലും ബാക്കിയുള്ള മത്സരങ്ങള്‍ എതിര്‍ ടീമുകളുടെ പാളയത്തിലും. 2011ന് ശേഷം ഇതാദ്യമായി ഇന്‍ഡോറും ഐപിഎല്‍ മത്സരം നടക്കുന്നുവെന്ന പ്രത്യേകതയും ഐപിഎല്‍ പത്താം സീസണിനുണ്ട്.

ഉദ്ഘാടന മത്സരം നടക്കുന്ന ഹൈദരാബാദില്‍ തന്നെയാണ് ഇത്തവണത്തെ ഫൈനലുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ ഐപിഎല്‍ താരലേലം. 351 താരങ്ങളാണ് ലേലത്തിനുള്ളത്. ഏതെങ്കിലും തലത്തില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ് ഇവരില്‍ 122 താരങ്ങള്‍. ആറ് അസോസിയേറ്റ് താരങ്ങളും 122 പേരില്‍ ഉള്‍പ്പെടുന്നു. അഞ്ച് പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താരങ്ങളാണ്.

ഐപിഎല്‍ ഫിക്സചര്‍ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!