ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
തിരുവനന്തപുരം: ഇന്ത്യ - ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. അയല്‍ക്കാരെങ്കിലും കളിക്കളത്തില്‍ ശ്രീലങ്കയുമായുളള ഇന്ത്യന്‍ വനിതകളുടെ മികവിന് അകലമേറെ. ആദ്യമൂന്ന് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു ഹര്‍മന്‍പ്രീത് കൗറും സംഘവും. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ കരുത്തിനെ പരീക്ഷിക്കാന്‍ പോലും കഴിയുന്നില്ല ചമാരി അത്തപ്പത്തു നയിക്കുന്ന ലങ്കയ്ക്ക്. പരമ്പര വിജയത്തേക്കാള്‍ ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പരമ്പരയെ കാണുന്നതെന്ന് കോച്ച് അമോല്‍ മസുംദാര്‍ വ്യക്തമാക്കി കഴിഞ്ഞു.
ദീപ്തി ശര്‍മ്മയും രേണുക സിംഗും തിരിച്ചെത്തിയതോടെ ബൗളിംഗ് നിരയുടെ കരുത്ത് കൂടി. തകര്‍ത്തടിക്കുന്ന ഷെഫാലി വര്‍മയുടെ ബാറ്റിനെയാവും ലങ്കന്‍ ബൗളര്‍മാര്‍ ഭയപ്പെടുക. ഷെഫാലി ക്രീസിലുണ്ടെങ്കില്‍ സ്‌കോര്‍ബോര്‍ഡ് കുതിച്ചുയരും. സ്മൃതി മന്ദാനകൂടി റണ്ണടിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. പരമ്പരയില്‍ സ്വന്തമാക്കിയതിനാല്‍ ഇന്ത്യ ബെഞ്ചിലെ താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ആശ്വാസജയം തേടിയിറങ്ങുന്ന ലങ്ക ടീമില്‍ പരീക്ഷണം തുടര്‍ന്നേക്കും. ബാറ്റര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് പ്രധാന പ്രതിസന്ധി.
ഓള്‍റൗണ്ട് മികവാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് പിച്ചില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ വനിതകള്‍. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ കാണികള്‍ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

