
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തനിക്ക് തുടരാന്‍ അവസരമൊരുക്കിയത് വിവിഎസ് ലക്ഷ്മണാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയക്കെതിരെ ലക്ഷ്മണ്‍ കളിച്ച 281 റണ്‍സിന്റെ ഐതിഹാസിക ഇന്നിംഗ്സില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ഒരുപക്ഷെ താനുണ്ടാവുമായിരുന്നില്ലെന്നും ലക്ഷ്മണിന്റെ പുസ്തകമായ '281 ആന്‍ഡ് ബിയോണ്ട്' പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ആമുഖപ്രഭാഷണത്തില്‍ ഗാംഗുലി പറഞ്ഞു.
സത്യം പറഞ്ഞാല്‍ ലക്ഷ്മണിന്റെ ഈ പുസ്തകത്തിന് 281 ആന്‍ഡ് ബിയോണ്ട് എന്നല്ലായിരുന്നു പേരിടേണ്ടിയിരുന്നത്. 281 ആന്‍ഡ് ബിയോണ്ട്, ആന്‍ഡ് സേവ്ഡ് സൗരവ് ഗാംഗുലിസ് കരിയര്‍ എന്നായിരുന്നു പേരിടേണ്ടിയിരുന്നതെന്നും ഗാംഗുലി പറഞ്ഞു.
2001ലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടക്കക്കാരനായിരുന്നതിനാല്‍ ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന പരമ്പര തോറ്റിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം തന്നെ തനിക്ക് നഷ്ടമാകുമെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്.
കൊല്‍ക്കത്ത ടെസ്റ്റില്‍ അവസാന ദിനസം ചായക്കുശേഷമാണ് ആ ടെസ്റ്റില്‍ നമുക്ക് ജയിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായതെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല ഗുണകരമായത്. എനിക്ക് വ്യക്തിപരമായും ഒരുപാട് തിരിച്ചറിവുകള്‍ തന്നു. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും എപ്പോഴും പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും മനസിലായി. 2003ലെ ലോകകപ്പ് ടീമില്‍ അംഗമാകാന്‍ കഴിയാതിരുന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നെന്നും ലക്ഷ്മണ്‍ പറഞ്ഞു.
എന്നാല്‍ 2003ലെ ലോകകപ്പ് ടീമില്‍ നിന്ന് ലക്ഷ്മണെ ഒഴിവാക്കിയത് വലിയ പിഴവായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ലക്ഷ്മണെ ഏത് ടീമിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ തയാറായിരുന്നു. പക്ഷെ അതെന്റെ ഭാഗത്തുനിന്നുവന്ന പിഴവാണ്. ലക്ഷ്മണ്‍ ഉണ്ടായിരുന്നെങ്കില്‍ അന്നത്തെ ടീം ഒന്നുകൂടി ശക്തമാകുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!