
കാണ്‍പൂര്‍: രണ്ട് യുവബാറ്റ്സ്മാന്മാര്‍ തമ്മിലുള്ള പോരാട്ടമാകും ഇന്ത്യ ന്യുസീലന്‍ഡ് പരമ്പര. നായകന്മാരായ കൊഹ്‌ലിയിലും വില്ല്യംസണിലുമാണ് ഇരുടീമുകളുടെയും പ്രതീക്ഷ. കുമാര്‍ സംഗക്കാര വിരമിച്ചതോടെ ഇതിഹാസ താരങ്ങളില്ലാതായ ലോക ക്രിക്കറ്റ് പ്രതീക്ഷ വയ്ക്കുന്നത് നാല് യുവ ബാറ്റ്സ്മാന്മാരിലാണ്. ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത്, ഇന്ത്യയുടെ വിരാട് കോലി, ന്യുസീലന്‍ഡിന്റെ കെയ്ൻ വില്ല്യംസൺ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്.
ഇവരിൽ നായകന്റെ സമ്മര്‍ദ്ദം കൂടി അനുഭവിക്കുന്ന രണ്ട് ബാറ്റ്സ്മാന്മാരുടെ പോരാട്ടമാണ് ഇന്ത്യ ന്യുസീലന്‍ഡ് പരമ്പര. വിരാട് കൊഹ്‌ലിയും കെയ്ന്‍ വില്ല്യംസണും. നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കൊഹ്‌ലിയെങ്കില്‍ ട്വന്റി 20 ക്രിക്കറ്റിന്റെ കാലത്തും സാങ്കേതിക തികവിലൂന്നിയുള്ള ബാറ്റിംഗിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് വില്ല്യംസണിന്റെ ഓരോ ഇന്നിംഗ്സും.
45 ടെസ്റ്റില്‍ 45.06 റൺസ് ശരാശരിയിൽ 3245 റൺസ് അടിച്ചുകൂട്ടിയ കൊഹ്‌ലിക്ക് 12 സെഞ്ച്വറിയും സമ്പാദ്യമായുണ്ട്. ഉയര്‍ന്ന സ്കോര്‍ 200 റൺസ് .ടെസ്റ്റിലെ കണക്കുകള്‍ നോക്കിയാൽ കൊഹ്‌ലിയേക്കാള്‍ കേമനെന്ന് വില്ല്യംസണ് അവകാശപ്പെടാം. 51 ടെസ്റ്റിൽ 51.08 റൺസ് ശരാശരിയിൽ 4393 റൺസും 14 സെഞ്ച്വറിയും വില്ല്യംസൺ നേടിയിട്ടുണ്ട്. ഉയര്‍ന്നസ്കോര്‍ 242 റൺസ്.
2010ല്‍ ഇന്ത്യക്കെതിരായ സെഞ്ച്വറിയിലൂടെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ വില്ല്യംസന്റെ അരങ്ങേറ്റം. അതിന് ശേഷം ഇന്ത്യക്കെതിരെ ഏഴ് ഇന്നിംഗ്സ് കളിച്ചെങ്കതിലും ഒരിക്കലേ അര്‍ധസെഞ്ചുറി നേടാനായുള്ളൂ. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ ഏഴ് ഇന്നിംഗ്സില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടിച്ചിട്ടുള്ള കൊഹ്‌ലി കിവികളെ നിര്‍ത്തി പൊരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. യുവനായകരുടെ പോരിൽ അന്തിമജയം ആര്‍ക്കെന്ന് അറിയാന്‍ കാത്തിരിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!