കോലിയ്ക്കും അനുഷ്‌കയ്‌ക്കും ആശംസ നേരാത്ത ക്രിക്കറ്റിലെ 5 പ്രമുഖര്‍

By Web DeskFirst Published Dec 23, 2017, 4:07 PM IST
Highlights

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹത്തിന്റെ അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇറ്റലിയിൽവെച്ച് നടന്ന വിവാഹചടങ്ങുകളിൽ ഉറ്റവര്‍ മാത്രമേ പങ്കെടുത്തുള്ളുവെങ്കിലും, ദില്ലിയിൽവെച്ച് നടന്ന വിവാഹസൽക്കാരത്തിൽ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. നിരവധി ക്രിക്കറ്റ് താരങ്ങളും ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. എന്നാൽ അസാന്നിദ്ധ്യംകൊണ്ട് ക്രിക്കറ്റിലെ ചിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരിൽ ചിലര്‍ കോലിയ്‌ക്കും അനുഷ്‌കയ്‌ക്കും ആശംസ നേരാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല. അവ‍ർ ആരൊക്കെയാണെന്ന് നോക്കാം...

1, എം എസ് ധോണി

ധോണിയും കോലിയും തമ്മിൽ കളത്തിനകത്തും പുറത്തും നല്ല ബന്ധമാണുള്ളത്. ട്വിറ്റര്‍ പോലെയുള്ള സാമൂഹികമാധ്യമങ്ങളിൽ ധോണി ഏറെ സജീവവുമാണ്. എന്നാൽ കോലിയുടെ വിവാഹത്തിന് ട്വിറ്ററിലൂടെയോ, വിവാഹസൽക്കാരത്തിന് നേരിട്ട് എത്തിയോ ധോണി ആശംസ നേര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുംബൈയിൽ നടക്കുന്ന സൽക്കാരത്തിൽ ധോണി പങ്കെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2, രവി ശാസ്‌ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെ‍ഡ് കോച്ചായ രവി ശാസ്‌ത്രിക്ക് കോലിയുമായി നല്ല ബന്ധമാണുള്ളത്. എന്നാൽ ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് മൽസരങ്ങള്‍ കാരണമാകാം, രവി ശാസ്‌ത്രി കോലിയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തില്ല. അതേസമയം സോഷ്യൽമീഡിയ വഴി ആശംസ നേരുകയും ചെയ്തിട്ടില്ല. മുംബൈയിലെ സൽക്കാരത്തിൽ രവി ശാസ്‌ത്രി പങ്കെടുത്തേക്കുമെന്നാണ് സൂചന.

3, യുവരാജ് സിങ്

കോലി-അനുഷ്‌ക വിവാഹത്തിന്റെ പിറ്റേദിവസാണ് യുവരാജ് 36-ാം ജന്മദിനം ആഘോഷിച്ചത്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും കോലിയ്‌ക്കും യുവരാജിനും ആശംസാപ്രവാഹമായിരുന്നു. എന്നാൽ ഇരുവരും പരസ്‌പരം ആശംസകള്‍ നേരാതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. ഈ ദിവസങ്ങളിൽ ഇരുവരും സാമൂഹികമാധ്യമങ്ങളിൽ സജീവവുമായിരുന്നു.

4, വീരേന്ദര്‍ സെവാഗ്

തകര്‍പ്പൻ ട്വീറ്റുകള്‍കൊണ്ട് ആരാധകരുടെ മനംകവര്‍ന്നയാളാണ് വീരേന്ദര്‍ സെവാഗ്. ഒരേനാട്ടുകാരായ സെവാഗും കോലിയും തമ്മിൽ നല്ല ആത്മബന്ധമാണ് ഉണ്ടായിരുന്നതെങ്കിലും വിവാഹത്തിന് ആശംസനേര്‍ന്ന് സെവാഗിന്റെ ട്വീറ്റ് ഉണ്ടായില്ല. ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കൊക്കെ ജന്മദിനാശംസ നേരാറുള്ള സെവാഗ് എന്തുകൊണ്ടാണ് പരസ്യമായി കോലിയ്‌ക്ക് വിവാഹാശംസകള്‍ നേരാതിരുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ചിലപ്പോള്‍ ഫോണിലൂടെയോ പേഴ്സണൽ മെസേജിങ്ങിലൂടെയോ സെവാഗ് ആശംസ നേര്‍ന്നിട്ടുണ്ടാകാമെന്നാണ് ആരാധകര്‍ കരുതുന്നത്.

5, അനിൽ കുംബ്ലെ

മുൻ ഇന്ത്യൻ ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെ കോലിയ്‌ക്ക് ആശംസ നേരാതിരുന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ഇരുവരും തമ്മിലുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല. കുംബ്ലെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടിവന്നതുതന്നെ കോലിയുമായുള്ള പിണക്കത്തെത്തുടര്‍ന്നായിരുന്നു. ഇരുവരും പരസ്‌പരം പരസ്യമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ഇരുവരും തമ്മിൽ നല്ല ബന്ധമല്ലാത്തതിനാൽ വിവാഹസൽക്കാരത്തിലേക്ക് കോലി ക്ഷണിച്ചിട്ടില്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പോലും പറയുന്നത്.

click me!