
തുടര്‍ തോല്‍വികളുടെ കയ്പ്പുനീര്‍ കുടിക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ രക്ഷകനാകാന്‍ സാക്ഷാല്‍ റിക്കി പോണ്ടിംഗ് വരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വലിയ ചുമതല ഏറ്റെടുക്കാന്‍ പോണ്ടിംഗ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. റിക്കി പോണ്ടിംഗിനൊപ്പം ഓസ്‌ട്രേലിയന്‍ ടീമില്‍ കളിച്ചിരുന്ന ഡാമിയന്‍ മാര്‍ട്ടിന്റെ ട്വിറ്റര്‍ സന്ദേശമാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്. പ്രതിസന്ധികളില്‍ ഓസീസ് ക്രിക്കറ്റിന്റെ രക്ഷകനായിരുന്ന റിക്കി പോണ്ടിംഗിന്റെ വൈദഗ്ദ്ധ്യം ഒരിക്കല്‍ക്കൂടി തുണയാകുമെന്നായിരുന്നു മാര്‍ട്ടിന്റെ ട്വീറ്റ്. ഏതായാലും ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനം പോണ്ടിംഗ് ഒഴിഞ്ഞത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വലിയ ചുമതല ഏറ്റെടുക്കുന്നതിനു വേണ്ടിയാണെന്നാണ് അഭ്യൂഹം. മുംബൈ ഇന്ത്യന്‍സില്‍ പരിശീലകനെന്ന നിലയിലും ഉപദേഷ്‌ടാവ് എന്ന നിലയിലും മികച്ച പ്രകടനമാണ് പോണ്ടിംഗ് പുറത്തെടുത്തത്. ഓസ്‌ട്രേലിയയുടെ പുതിയ പരിശീലകനായാണോ പോണ്ടിംഗ് വരുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ ഘട്ടത്തില്‍ പോണ്ടിംഗിനെ പോലെ ഒരാളുടെ അനുഭവസമ്പത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഏറെ ഗുണകരമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
ഏതായാലും സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അടിമുടി അഴിച്ചുപണിയാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് റോഡ്‌നി മാര്‍ഷ് രാജിവെച്ചു. ഗ്രെഗ് ചാപ്പല്‍, ട്രവര്‍ ഹോണ്‍സ് എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ താല്‍ക്കാലിക അംഗങ്ങളായി ചുമതലയേറ്റുകഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!