ബാഴ്സയും മാഞ്ചസ്റ്ററും വേണ്ട; ചെല്‍സി മതിയെന്ന് വില്ലിയന്‍

By Web TeamFirst Published Aug 6, 2018, 3:34 PM IST
Highlights

ക്ലബ് തന്നെ വില്‍ക്കുന്നത് വരെ ചെല്‍സിയില്‍ തുടരാനാണ് ഇഷ്ടപ്പെടുന്നത്. അത് ക്ലബ് മാനേജ്മെന്‍റിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, നാളെത്തെ കാര്യം എന്താകുമെന്ന് അറിയില്ല

ലണ്ടന്‍: ലോകകപ്പിന് പിന്നാലെ പൗളീഞ്ഞോ ഏഷ്യയിലേക്ക് മടങ്ങിയ ഒഴിവില്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണ മനസില്‍ കണ്ട താരമാണ് ചെല്‍സിയുടെ വില്ലിയന്‍. മാഞ്ചസ്റ്റര്‍ യുണെെറ്റഡിന് വേണ്ടി ഹോസെ മൗറീഞ്ഞോയും വില്ലിയന് വേണ്ടി രംഗത്ത് വന്നതോടെ കാര്യങ്ങങ്ങള്‍ സങ്കീര്‍ണമായി.

ബ്രസീല്‍ താരം ആരുടെ ഓഫര്‍ സ്വീകരിക്കുമെന്നുള്ള ആകാംക്ഷയിലായിരുന്നു ഫുട്ബോള്‍ ലോകം. എന്നാല്‍, ആന്‍റോണിയോ കോണ്ടെയ്ക്ക് പകരം പരിശീലകനായി സാറി എത്തിയതോടെ വില്ലിയന്‍ ക്ലബ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റർ സിറ്റിയ്ക്ക് എതിരായ കമ്യുണിറ്റി ഷീൽഡ് മത്സരത്തില്‍ ബെഞ്ചില്‍ നിന്ന് വില്ലിയന് സാറി അവസരം നല്‍കിയിരുന്നു.

ഇതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ക്ലബ് വിടാനില്ലെന്നും ചെല്‍സിയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വില്ലിയന്‍ വ്യക്തമാക്കി. ക്ലബ് തന്നെ വില്‍ക്കുന്നത് വരെ ചെല്‍സിയില്‍ തുടരാനാണ് ഇഷ്ടപ്പെടുന്നത്. അത് ക്ലബ് മാനേജ്മെന്‍റിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, നാളെത്തെ കാര്യം എന്താകുമെന്ന് അറിയില്ല. ചെല്‍സിയില്‍ തുടരാനാകുമെന്നാണ് പ്രതീക്ഷ.

നീലപ്പടയില്‍ കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. എന്നാല്‍, മുന്‍ പരിശീലകനുമായുണ്ടായ ചില കാര്യങ്ങള്‍ നിരാശപ്പെടുത്തി. ഇപ്പോള്‍ അതെല്ലാം മാറി. പുതിയ കോച്ചുമായി സംസാരിച്ചെന്നും വില്ലിയന്‍ പറഞ്ഞു. ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെപ്പറ്റി വില്ലിയന്‍ പ്രതികരിച്ചതോടെ തിരിച്ചടി ലഭിച്ചത് മാഞ്ചസ്റ്റര്‍ യുണെെറ്റഡിനാണ്. നിര്‍ണായക നീക്കങ്ങള്‍ ഒന്നും നടത്താനാകാതെ മൗറീഞ്ഞോയ്ക്ക് വീണ്ടും തലവേദന സൃഷ്ടിക്കാന്‍ പോകുന്നതാകും അടുത്ത സീസണും. ഇത് പരസ്യമായി അദ്ദേഹം പറയുകയും ചെയ്തു. 

click me!