അര്‍ജന്റീനയ്‌ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; രക്ഷകനാകുമോ മെസി ?

By web DeskFirst Published Oct 10, 2017, 12:59 PM IST
Highlights

ക്വിറ്റോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്‌ക്ക് ഇന്ന് ജീവന്മരണപോരാട്ടം. ഇക്വഡോറിനെതിരായ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ അര്‍ജന്റീന ഏറെക്കുറെ ലോകകപ്പില്‍ നിന്ന് പുറത്താകും.നാലു ടീമുകള്‍ക്ക് മാത്രം നേരിട്ട് യോഗ്യത ഉറപ്പുള്ള ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അര്‍ജന്റീന. ഇക്വഡോറിനോട് തോറ്റാല്‍ മെസിക്കും കൂട്ടര്‍ക്കും അടുത്തവര്‍ഷം വീട്ടിലിരുന്ന ലോകകപ്പ് കാണേണ്ടിവരുമെന്ന് ചുരുക്കം. ഇന്ന് സ്വന്തം ടീമിന്റെ ജയത്തിനുവേണ്ടി മാത്രമാകില്ല അര്‍ജന്റീന പ്രാര്‍ഥിക്കുന്നത് എന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഇന്നത്തെ മറ്റു മത്സരങ്ങളില്‍ ബ്രസീല്‍, ചിലെയെയും ഉറുഗ്വേ ബൊളീവയെയും പെറു, കൊളംബിയയെും നേരിടും.38 പോയിന്റുള്ള ബ്രസീലിന് പിന്നാലെ
28 പോയിന്റുള്ള ഉറുഗ്വായും ലാറ്റിനമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. നിലവില്‍, ചിലെക്കും കൊളംബിയക്കും 26ഉം, പെറുവിനും അര്‍ജന്റീനയ്‌ക്കും 25ഉം പോയിന്റ് വീതമുണ്ട്. ലാറ്റിനമേരിക്കയിലെ ബാക്കിയുള്ള മൂന്നു സ്​ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്​ചിലെ (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പരഗ്വേ (24) എന്നീ ടീമുകളാണ്.

ഇക്വഡോറിനെ കീഴടക്കിയാല്‍ അര്‍ജന്റീനക്ക്​ 28 പോയന്റാകും. ബ്രസീലുമായി കളിക്കുന്ന ചിലെയോ പെറുവുമായി കളിക്കുന്ന കൊളംബിയയോ തോല്‍ക്കുകയോ സമനിലയാവുകയോ ചെയ്​താല്‍ അവര്‍ പരമാവധി 27 പോയന്റ് മാത്രമെ നാടാനാകു. ഇതോടെ അര്‍ജന്റീനക്ക്​ മൂന്നാം സ്ഥാനക്കാരായി നേരിട്ട്​ യോഗ്യത നേടാം. ഇക്വഡോറിനോട് അര്‍ജന്റീന സമനില വഴങ്ങിയാല്‍ പരമാവധി 26 പോയിന്റേ നേടാനാവു. ഈ സാഹചര്യത്തില്‍ ചിലെയും കൊളംബിയയും തോറ്റാലും ഗോള്‍ ശരാശരിയുടെ ബലത്തില്‍ അര്‍ജന്റീനയെ പിന്തള്ളി അവര്‍ നേരിട്ട് യോഗ്യത നേടും. ചിലിയും കൊളംബിയയും ജയിക്കുകയാണെങ്കില്‍ അര്‍ജന്റീന പ്ലേ ഓഫ്​കളിച്ച്​ യോഗ്യത നേടേണ്ടിവരും.

രണ്ടുവര്‍ഷം മുമ്പ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇക്വഡേറിനോട് തോറ്റ ചരിത്രം അര്‍ജന്റീനയക്ക് മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയും മികച്ച ഗോളടിക്കാരുടെ സംഘവും ടീമില്‍ ഉണ്ടായിട്ടും കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയ്‌ക്ക് നേടാനായത് എന്നത് ടീമിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കുന്നു. ഇതില്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബൊളീവി​യയോട്​ തോല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം നാളെ  പുലര്‍ച്ചെ 5 മണിക്കാണ് എല്ലാ മത്സരങ്ങളും  തുടങ്ങുന്നത്.

click me!