
ദില്ലി: ഇന്ത്യയുടെ മുഴുവന്‍ ഉള്ളുലച്ചതായിരുന്നു ആ കരച്ചില്‍. ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.എസ്.ഐ. അബ്ദുള്‍ റഷീദിന്റെ മകള്‍ സൊഹ്റ അച്ഛന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് പൊട്ടിക്കരയുന്ന ചിത്രംകണ്ട് കണ്ണീര്‍ പൊടിയാത്തവരാരായി ആരുമുണ്ടാവില്ല. എന്നാല്‍ അവള്‍ക്കുവേണ്ടി പൊഴിച്ച ഒരു തുള്ളി കണ്ണീരനപ്പുറം അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്ത ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് നന്ദി പറഞ്ഞിരിക്കുകയാണ് സൊഹ്റ.
തന്റെ പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന ഗംഭീറിന്റെ വാക്കുകള്‍ കേട്ടാണ് സൊഹ്റ താരത്തോട് നന്ദി പറഞ്ഞത്. എന്നാല്‍ അതിന് ഗംഭീര്‍ നല്‍കിയ മറുപടിയാകട്ടെ ഹൃദയത്തില്‍ തൊടുന്നതായിരുന്നു. സൊഹ്റ, നീ എന്നോട് നന്ദി പറയരുത്, കാരണം എന്റെ മക്കളായ അസീനും അനൈസയും പോലെ തന്നെയാണ് എനിക്ക് നീയും. നിനക്ക് ഡോക്ടറാവണമെന്നാണ് ആഗ്രമെന്ന് അറിഞ്ഞിരുന്നു. ചിറകുകള്‍ വിടര്‍ത്തി സ്വപ്നം തേടി പറക്കൂ. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട് എന്നായിരുന്നു ഗംഭീറിന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് സൊഹ്റയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കാമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. 'സൊഹ്റ... ഒരു താരാട്ട് പാടി നിന്നെ ഉറക്കാന്‍ എനിക്കാവില്ല. പക്ഷേ, നിന്നെ നിന്റെ സ്വപ്‌നങ്ങളിലേയ്ക്ക് ഞാനുണര്‍ത്തും. ജീവിതകാലം മുഴുവന്‍ നിന്റെ പഠനച്ചെലവ് ഞാന്‍ വഹിക്കും. സൊഹ്റ... നിന്റെ കദനഭാരം താങ്ങാന്‍ ഭൂമിക്ക് ശേഷിയില്ല. അതുകൊണ്ട് ആ കണ്ണുനീര്‍ തുള്ളികള്‍ മണ്ണില്‍ വീഴരുത്. രക്തസാക്ഷിത്വം വഹിച്ച നിന്റെ അച്ഛന്‍ എ.എസ്.ഐ. അബ്ദുള്‍ റഷീദിന് എന്റെ അഭിവാദ്യങ്ങള്‍'-കരയുന്ന സൊഹ്റയുടെ ചിത്രത്തിനൊപ്പമിട്ട ട്വീറ്റില്‍ ഗംഭീര്‍ കുറിച്ചു.
നേരത്തെ ചത്തീസ്ഗഢില്‍ മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സി.ആര്‍.പി.എഫ് ഭടന്മാരുടെ മക്കളുടെ പഠനച്ചെലവും ഗംഭീര്‍ ഏറ്റെടുത്തിരുന്നു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ വഴിയാണ് ഗംഭീര്‍ ഇവരുടെ പഠനച്ചെലവിന് മേല്‍നോട്ടം വഹിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!