യൂസഫ് പത്താന്‍ ഷോയില്‍ ബംഗലൂരുവിനെ വീഴ്ത്തി കൊല്‍ക്കത്ത

By Web DeskFirst Published May 2, 2016, 6:21 PM IST
Highlights

ബംഗലൂരു: ബൗളര്‍മാര്‍ ഒരിക്കല്‍കൂടി ചതിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് ഐപിഎല്ലില്‍ അഞ്ചാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്സിനായി യൂസഫ് പത്താനും ആന്ദ്ര റസലും നടത്തിയ കടന്നാക്രമണത്തിലാണ് കൈപ്പിടിയിലൊതുങ്ങിയെന്ന്കരുതിയ വിജയം ബംഗലൂരുവിനെ കൈവിട്ടത്. ജയത്തോടെ കൊല്‍ക്കത്ത 10 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കൊഹ്‌ലിയുടെ ബംഗലൂരു ഏഴാം സ്ഥാനത്തേക്ക് വീണു.

സ്കോര്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 185/7, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.1 ഓവറില്‍ 186/5.

29 പന്തില്‍ 60 റണ്‍സെടുത്ത പത്താന്റെ പവര്‍ ഹിറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 24 പന്തില്‍ 39 റണ്‍സെടുത്ത ആന്ദ്ര റസലുമൊത്ത് അഞ്ചാം വിക്കറ്റില്‍ പത്താന്‍ 96 റണ്‍സ് അടിച്ചെടുത്തതാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. മത്സരത്തിലെ അവസാന അഞ്ച് ഓവറുകളാണ് കളിയുടെ ഗതിമാറ്റിയത്. അവസാന നാലോവറില്‍ ബംഗലൂരു 60 റണ്‍സിന് മുകളിലടിച്ചപ്പോള്‍ കൊല്‍ക്കത്ത അവസാന അഞ്ചോവറില്‍ 60 റണ്‍സിന് മുകളില്‍ നേടി. പതിനൊന്നാം ഓവറില്‍ മനീഷ് പാണ്ഡെ നാലാമനായി പുറത്താവുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 59 പന്തില്‍ 117 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

മെല്ലെത്തുടങ്ങിയ പത്താന്‍ ആദ്യം റസലിന്റെ കൂറ്റനടികള്‍ക്ക് കാഴ്ചക്കാരനായി. എന്നാല്‍ അവസാന ഓവറുകളില്‍ പഴയപ്രതാപത്തിലേക്കുയര്‍ന്ന പത്താന്‍ ബംഗലൂരുവിനെ അടിച്ചൊതുക്കി. നേരത്തെ കെ എല്‍ രാഹുലിന്റെയും(32 പന്തില്‍ 52) ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും (44 പന്തില്‍ 52) ഷെയ്ന്‍ വാട്സണ്‍(21 പന്തില്‍ 34) മലയാളി താരം സച്ചിന്‍ ബേബി(8 പന്തില്‍ 16), സ്റ്റുവര്‍ട്ട് ബിന്നി(4 പന്തില്‍ 16) ഇന്നിംഗ്സുകളാണ് ബംഗലൂരുവിനെ 185ലെത്തിച്ചത്. അവസാന മൂന്നോവറില്‍ 50 റണ്‍സിന് 55 റണ്‍സാണ് ബംഗലൂരു അടിച്ചെടുത്തത്. ഇതില്‍ 40 റണ്‍സും വഴങ്ങിയത് ഉമേഷ് യാദവായിരുന്നു.

click me!