
അമ്പലപ്പുഴ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. മോഹൻലാലും ജയറാമും അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ അന്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം രണ്ടു വയസുകാരിയായ സിവ ആലപിച്ചത് വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിലേക്ക് ക്ഷണിക്കാൻ ഒരുങ്ങുന്നത്.
ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നുതന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. സിവ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാൽപ്പായസം നുകരാനുമുള്ള അവസരം സിവയ്ക്കൊരുക്കുകയുമാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ലോകത്തിൽ തന്നെ പഠിക്കാൻ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നത് അദ്ഭുതമാണ്.
ഒരു കൊച്ചുമലയാളി കുട്ടി പാടുന്ന പോലെ ഈസിയായിട്ടായിരുന്നു സിവയുടെ ആലാപനവും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ഗാനം 15 മണിക്കൂർ കൊണ്ട് ഒരുലക്ഷത്തിലേറെ പേർ ഇഷ്ടപ്പെട്ടു. യുട്യൂബിൽ ലക്ഷക്കണക്കിനു പേരാണ് സിവയുടെ ആലാപനം ആസ്വദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!