
ഗുരുഗ്രാം: ചൈനീസ്, ഇന്തോനേഷ്യന്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് വെര്‍ച്വല്‍ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ നമ്പറുകള്‍ അനുവദിച്ചതിന് രണ്ട് ഭാരതി എയര്‍ടെല്‍ ജീവനക്കാര്‍ ഗുരുഗ്രാമില്‍ പിടിയില്‍. നീരജ് വാലിയ, ഹേമന്ത് ശര്‍മ്മ എന്നിവരാണ് പിടിയിലായതെന്നും ഇവര്‍ 530 വെര്‍ച്വല്‍ നമ്പറുകള്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് നിയമവിരുദ്ധമായി അനുവദിച്ചെന്നും പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 10,000 രൂപ സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തതായി ചൂണ്ടിക്കാണിച്ച് ഒരു വനിത നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
അവിശ്വസനീയമായ വിവരങ്ങളാണ് ഗുരുഗ്രാമിലെ രണ്ട് എയര്‍ടെല്‍ മാനേജര്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. വര്‍ക്ക്-ഫ്രം-ഹോം വഴി ജോലി നല്‍കാമെന്ന് പറഞ്ഞ് 10000 രൂപ സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തതായി കാണിച്ച് ഒരു വനിത പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് തട്ടിപ്പിന്‍റെ ചുരുളഴിച്ചത്. ഗുരുഗ്രാമിലെ എസ്‌ടിഡി കോഡിലാണ് വനിതയ്ക്ക് കോള്‍ വന്നത്. പരാതിക്കാരിക്ക് വിളി വന്ന ഫോണ്‍ നമ്പര്‍ ഒരു തട്ടിപ്പ് കമ്പനിയുടെ പേരിലുള്ള വെര്‍ച്വല്‍ നമ്പറാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വിലാസം അനുസരിച്ച് ഈ കമ്പനി തപ്പി പൊലീസ് എത്തിയെങ്കിലും ആ അഡ്രസിലൊരു കമ്പനി അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
തട്ടിപ്പ് സംഘത്തിന് വെര്‍ച്വല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയത് എയര്‍ടെല്ലിലെ ജീവനക്കാരായ നീരജ് വാലിയയും ഹേമന്ത് ശര്‍മ്മയുമാണെന്ന് പൊലീസും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കണ്ടെത്തി. 'നീരജ് ഫോണ്‍ നമ്പര്‍ അനുവദിക്കാനുള്ള സൈറ്റ് വെരിഫിക്കേഷന്‍ നടത്തിയിരുന്നയാളാണ്, ഹേമന്താവട്ടെ ടീം ലീഡറും. ട്രായ് നിയമങ്ങള്‍ ലംഘിച്ച് വ്യാജ കമ്പനിക്ക് വിര്‍ച്വല്‍ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഇരുവരും അനുവദിക്കുകയായിരുന്നു' എന്നും എസിപി പ്രിയാന്‍ഷു ഡിവാന്‍ വ്യക്തമാക്കി.
ഈയൊരു നമ്പര്‍ മാത്രമല്ല, ചൈനീസ്, ഇന്തോനേഷ്യന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് 530 വിര്‍ച്വല്‍ നമ്പറുകള്‍ നീരജ് വാലിയയും ഹേമന്ത് ശര്‍മ്മയും അനുവദിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നു. ഏറെ ഫോണ്‍കോളുകള്‍ വിളിക്കേണ്ടിവരുന്ന കമ്പനികള്‍ക്കും കോള്‍ സെന്‍ററുകള്‍ക്കുമാണ് വെര്‍ച്വല്‍ ലാന്‍ഡ്‌ലൈന്‍ നമ്പറുകള്‍ അനുവദിക്കാറുള്ളത്. തട്ടിപ്പ് നടത്തിയ രണ്ട് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്‌തതായി ഭാരതി എയര്‍ടെല്‍ അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു.
Read more: 5ജി മാറിനില്‍ക്ക്, അതുക്കും മേലെ 5.5ജി അവതരിപ്പിച്ച് ജിയോ; സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡിംഗ് വേഗം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam