ലാവോസിലെ ഇന്ത്യക്കാരന് 400 സിം കാര്‍ഡുകള്‍ അയച്ചു, എന്തിന്? ഒടുവില്‍ മൂന്നംഗ സംഘം പിടിയില്‍

Published : Jan 15, 2025, 12:10 PM ISTUpdated : Jan 15, 2025, 02:21 PM IST
ലാവോസിലെ ഇന്ത്യക്കാരന് 400 സിം കാര്‍ഡുകള്‍ അയച്ചു, എന്തിന്? ഒടുവില്‍ മൂന്നംഗ സംഘം പിടിയില്‍

Synopsis

ഗ്രാമവാസികളുടെ പേരില്‍ 450 ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ എടുത്ത് 400 എണ്ണം ലാവോസിലേക്ക് അയച്ച മൂന്നംഗ സംഘം പിടിയില്‍, ഇവരിലേക്ക് പൊലീസ് എത്തിയത് 'ഡിജിറ്റല്‍ അറസ്റ്റി'നെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവില്‍

സിയോനി: തെക്കുകിഴക്കൻ ഏഷ്യന്‍ രാജ്യമായ ലാവോസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന് 400 സിം കാര്‍ഡുകള്‍ കൈമാറിയ മൂന്ന് പേര്‍ മധ്യപ്രദേശില്‍ അറസ്റ്റില്‍. ഇന്ത്യക്കാരന്‍ തന്നെയാണ് ലാവോസില്‍ ഈ തട്ടിപ്പ് സംഘത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് എന്ന ഭീഷണി വഴി നിരവധിയാളുകളുടെ പണം അപഹരിക്കുകയാണ് ഈ സംഘം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. 

മൂന്ന് പേരുടെ അറസ്റ്റിലൂടെ ലാവോസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ ചുരുളഴിച്ചിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ് എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. ലാവോസിലെ തട്ടിപ്പ് സംഘത്തിന് സിം കാര്‍ഡുകള്‍ എത്തിച്ചുനല്‍കിയ ഗൗരവ് തിവാരി (22), യോഗേഷ് പട്ടേല്‍ (24), സുജല്‍ സൂര്യവന്‍ഷി (21) എന്നിവരെയാണ് മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഗ്രാമവാസികളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്‌ത് 450ഓളം ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മൂവര്‍ സംഘം കൈക്കലാക്കുകയായിരുന്നു. ഇതിലെ 400 സിം കാര്‍ഡുകള്‍ ലാവോസില്‍ സൈബര്‍ തട്ടിപ്പ് കേന്ദ്രം നടത്തുന്ന ഫിറോസ്‌പുര്‍ (പഞ്ചാബ്) സ്വദേശിയായ കാളിസിന് ഇവര്‍ കൈമാറുകയായിരുന്നു എന്ന് എഡിസിപി രാജേഷ് ദന്തോത്യ വ്യക്തമാക്കി. 

ഇന്‍ഡോര്‍ സ്വദേശിയായ 59 വയസുകാരിക്ക് 2024 ഡിസംബറില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വഴി ഒരു കോടി 60 ലക്ഷം രൂപ നഷ്‌ടമായ കേസിനെ കുറിച്ചുള്ള അന്വേഷണമാണ് കാളിസിന്‍റെ സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ലാവോസില്‍ നിന്നാണ് വനിതയ്ക്ക് ഫോണ്‍ വിളിയെത്തിയത് എന്ന സൂചന പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നിര്‍ണായ കണ്ടെത്തലുകളിലേക്കും അറസ്റ്റുകളിലേക്കും എത്തിയത്. ഈ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

എന്താണ് ഡിജിറ്റല്‍ അറസ്റ്റ്? 

ഏറ്റവും പുതിയ സൈബര്‍ തട്ടിപ്പ് രീതികളിലൊന്നാണ് 'ഡിജിറ്റല്‍ അറസ്റ്റ്'. സിബിഐ അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികളുടെ പേര് പറഞ്ഞ് ആളുകളെ ഓഡിയോ കോളും വീഡിയോ കോളും വിളിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍, നിങ്ങള്‍ ക്രിമിനല്‍ കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്നും കേസ് ഒഴിവാക്കാന്‍ ലക്ഷങ്ങളും കോടികളും വേണമെന്നും ആവശ്യപ്പെടും. പണം നല്‍കിയാലും ഇല്ലെങ്കിലും നിങ്ങളെ ഓണ്‍ലൈന്‍ തടവില്‍ വച്ച് ഇക്കൂട്ടര്‍ ഭീഷണിപ്പെടുത്തുന്നത് തുടരും. ഇത്തരത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി ഉയര്‍ത്തി ആളുകളില്‍ നിന്ന് പണം കൈക്കലാക്കുന്ന ക്രൂര തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്. 

Read more: നീണ്ട 40 മണിക്കൂര്‍ ഡിജിറ്റല്‍ അറസ്റ്റിലായി പ്രമുഖ യൂട്യൂബര്‍; കരയിച്ച് വീഡിയോ, ശ്രദ്ധിക്കണമെന്ന് ഉപദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്മാർട്ട്‌ഫോൺ വിപണിയെ ഇളക്കിമറിക്കാൻ വീണ്ടും മോട്ടോറോള, പുതിയ സിഗ്നേച്ചർ സീരീസ്
ഇതൊരു ഫോണല്ല, പവർഹൗസാണ്! അമ്പരപ്പിക്കുന്ന ബാറ്ററി, വിപണിയിൽ കൊടുങ്കാറ്റാകാൻ ടെക്‌നോ പോവ കർവ് 2 5ജി