
തിരുവനന്തപുരം: കേരളത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന ട്വിറ്റർ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും കേരളം ട്രെൻഡിംഗ് ആയി നിലനിർത്താനും വേണ്ടി സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുമായി മലയാളികൾ. ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ച് അതിന്റെ ലിങ്ക് കമന്റ് ചെയ്യാനാണ് മലയാളി ട്വിറ്റർ സർക്കിൾ എന്ന് പേര് നൽകിയിരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അറിയിപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആന ചെരിഞ്ഞ സംഭവത്തിൽ ട്വിറ്ററിൽ മലയാളികൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടന്നിരുന്നു.
ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം എന്ന ഹാഷ്ടാഗോടെയായിരുന്നു പ്രചരണം. ബിജെപി നേതാക്കളുൾപ്പെടെയുള്ളവർ ട്വിറ്ററിൽ കുറിപ്പുമായെത്തിയിരുന്നു. 'നായ്ക്കളെയും പക്ഷികളേയും കൊലപ്പെടുത്താന്‍ റോഡുകളില്‍ വിഷം തളിച്ച ജില്ലയാണ് മലപ്പുറം' എന്നാണ് മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പറഞ്ഞത്. എന്നാൽ പിന്നീട് ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇപ്പോൾ മലപ്പുറത്തിനെതിരെ ട്വിറ്ററിൽ നിറഞ്ഞ പോസ്റ്റുകൾക്കെതിരെയുള്ള ട്വീറ്റുകൾ വ്യാപകമാകുന്നുണ്ട്. ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് മലയാളി ട്വിറ്റർ സർക്കിൾ എന്ന ഫേസ്ബുക്ക് പേജും ആരംഭിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ. മലയാളികളെ കൂടുതലായി ട്വിറ്ററിലേക്ക് കൊണ്ടുവരികയും കേരളത്തിന് അനുകൂലമായിട്ടുള്ള ട്വീറ്റുകൾ ട്രെൻഡിംഗ് ആക്കി മാറ്റുക എന്നതാണ് ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹാഷ്ടാഗുകൾക്ക് വളരെ പ്രാധാന്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൂടിയാണ് ട്വിറ്റർ. ടെലിഗ്രാമിലും ഇതേ പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam