
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഫോറൻസിക് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.
എന്താണ് ഹാഷ് വാല്യൂ?
ഈ സാഹചര്യത്തിൽ എന്താണ് ഹാഷ് വാല്യൂവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും വലിയ പ്രതിസന്ധിയായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതങ്ങളിലൊന്നാണ് ഹാഷ് വാല്യൂ. ഹാഷ് വാല്യൂ എന്നാൽ ഒരു അൽഗോരിതം നിർമ്മിക്കുന്ന അക്കങ്ങളുടെ ശൃംഖലയാണ്. ഏറ്റവും എളുപ്പത്തിൽ ഹാഷ് വാല്യൂവിനെ ഇങ്ങിനെ വിശേഷിപ്പിക്കാം. എല്ലാ ഇലക്ട്രോണിക് ഫയലിനും ഒരു ഹാഷ് വാല്യൂ ഉണ്ട്. നിങ്ങൾ ഫോട്ടോ എടുക്കുമ്പോഴും ഇ-മെയിൽ അയക്കുമ്പോഴും ഒരു ഹാഷ് വാല്യൂ അതിന്റെ കൂടെ എഴുതപ്പെടുന്നുണ്ട്. ആ ഫയലിൽ മാറ്റം വരുമ്പോൾ ആ ഹാഷ് വാല്യുവിലും മാറ്റം വരും.
ഹാഷ് വാല്യൂ നിർണായകമാകുന്നത്
തെളിവായി സർപ്പിക്കപ്പെട്ട ഒരു മെമ്മറി കാർഡിൽ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ആ ഫയൽ വീണ്ടും തുറന്ന് ഏതോ തരത്തിൽ മാറ്റം വരുത്തിയെന്നാണ്. എന്ത് ചെയ്തു, എവിടേക്ക് മാറ്റി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കൂടുതൽ സാങ്കേതിക പരിശോധന ആവശ്യമാണ്. അതിനാൽ തന്നെ ഹാഷ് വാല്യൂ മാറുമ്പോൾ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമായി വരും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം