ആയിരം രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനില്‍ വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ

By Web TeamFirst Published Jan 16, 2019, 2:41 PM IST
Highlights

 1,000 രൂപയുടെ ചുരിദാര്‍ വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ. അടിമാലി സ്വദേശി ജിജോ ജോസഫാണ് ഈ വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്

അടിമാലി: ഓണ്‍ലൈനിലൂടെ 1,000 രൂപയുടെ ചുരിദാര്‍ വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ. അടിമാലി സ്വദേശി ജിജോ ജോസഫാണ് ഈ വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാറാണ് ജിയോ ഓഡര്‍ ചെയ്തത്. 

ഡിസംബർ 22ന് പോസ്റ്റല്‍ വഴി ചുരിദാർ ലഭിച്ചു.  ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാർ തിരികെ എടുക്കാമെന്നും പണം തിരിച്ചു നൽകാൻ അക്കൗണ്ട് നമ്പറും ഫോണിൽ വരുന്ന ഒടിപി കോഡും നൽകണമെന്നും കമ്പനി അധികൃതർ പറഞ്ഞു.

അടിമാലി ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒടിപി കോഡും നൽകി. 10 മിനിറ്റിനുള്ളിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. 

ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി. തട്ടിപ്പ് മനസിലായ ജിയോ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

click me!