ഗൂഗിൾ ടീമിന് ഒരു വർഷം വേണ്ടിവന്ന ജോലി വെറും ഒരു മണിക്കൂറിൽ പൂർത്തിയാക്കി എഐ

Published : Jan 06, 2026, 11:17 AM IST
AI Logo

Synopsis

ഗൂഗിളിലെ എ‌‌ഞ്ചീനിയര്‍മാര്‍ ഒരു വര്‍ഷക്കാലം സമയമെടുത്ത് പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ച ദൗത്യമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ടൂളായ ക്ലോഡ് കോഡ് വെറും ഒരു മണിക്കൂര്‍ കൊണ്ട് ചെയ്‌തുതീര്‍ത്തത് എന്ന് ജാന ഡോഗന്‍ പറയുന്നു. 

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐയുടെ ലോകം അമ്പരപ്പിക്കുന്ന വേഗതയിലാണ് വളരുന്നത്. സമീപകാല കണക്കുകളും എഞ്ചിനീയർമാരുടെ സാക്ഷ്യപത്രങ്ങളും എഐയുടെ ഈ ദ്രുതഗതിയിലുള്ള പുരോഗതിയെ എടുത്തുകാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളുടെ കോഡുകൾ വികസിപ്പിക്കുന്ന രീതിയെത്തന്നെ എഐ സംവിധാനങ്ങൾ അടിമുടി മാറ്റിമറിക്കുകയാണ്. ഗൂഗിളിലെ പ്രിൻസിപ്പൽ എഞ്ചിനീയറായ ജാന ഡോഗൻ ഇതിനൊരു ഉദാഹരണം ഇപ്പോള്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. ഗൂഗിള്‍ ടീം പൂര്‍ത്തിയാക്കാന്‍ ഒരു വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ജോലി ആന്ത്രോപിക്കിന്‍റെ പുതിയ ടൂളായ ക്ലോഡ് കോഡ് വെറും ഒരു മണിക്കൂർ കൊണ്ട് ചെയ്‌തുതീർത്തു എന്നാണ് ജാന ഡോഗന്‍റെ വെളിപ്പെടുത്തൽ.

ഏത് പ്രൊജക്റ്റിലാണ് ഈ അത്ഭുതം സംഭവിച്ചത്?

ഗൂഗിളിലെ ഡെവലപ്പർ പ്ലാറ്റ്‌ഫോമിന് നേതൃത്വം നൽകുന്നയാളാണ് ജാന ഡോഗന്‍. സങ്കീർണ്ണമായ ഒരു പ്രശ്‌നം പരിഹരിക്കുക എന്നതായിരുന്നു ക്ലോഡ് കോഡിന്‍റെ ചുമതലയെന്ന് അവർ വിശദീകരിച്ചു. ഒരു ഡിസ്ട്രിബ്യൂട്ടഡ് ഏജന്‍റ് ഓർക്കസ്ട്രേഷൻ സിസ്റ്റം സൃഷ്‌ടിക്കുക എന്നതായിരുന്നു ഈ ദൗത്യം. സങ്കീർണ്ണമായ ഒരു പ്രശ്‌നം പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ ഒന്നിലധികം എഐ ഏജന്‍റുമാരെ ഏകോപിപ്പിക്കുന്ന ഒരു സംവിധാനമാണിത്. കഴിഞ്ഞ ഒരു വർഷമായി ഗൂഗിൾ ടീം ഈ സിസ്റ്റത്തിന്‍റെ വിവിധ വശങ്ങളും ഡിസൈനുകളും പരിഗണിച്ചു വരികയായിരുന്നു എന്ന് ജാന ഡോഗൻ പറയുന്നു.

ഒരു മണിക്കൂറിനുള്ളിൽ അത്ഭുതം

ഈ പ്രശ്‌നം പരിഹരിക്കാന്‍ അടുത്തിടെ ക്ലോഡ് കോഡിന് ജാന ഡോഗൻ ഒരു പ്രോംപ്റ്റ് നൽകി. ഇതിന്‍റെ ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ, ഗൂഗിൾ ടീം ഒരു വർഷമായി ചർച്ച ചെയ്തിരുന്ന കാര്യങ്ങളുമായി ഏറെക്കുറെ യോജിക്കുന്ന ഒരു പ്രവർത്തന പതിപ്പ് ക്ലോഡ് സൃഷ്‌ടിച്ചു. ക്ലോഡ് നൽകിയ ഡിസൈൻ തിരഞ്ഞെടുപ്പുകളുടെയും നിർദ്ദേശങ്ങളുടെയും ഗുണനിലവാരത്തെ ജാന ഡോഗൻ പ്രത്യേകം പ്രശംസിച്ചു.

എഞ്ചിനീയർമാരെ എഐ മാറ്റിസ്ഥാപിക്കുമോ?

അതേസമയം എഐയുടെ ഈ നേട്ടം പ്രാധാന്യമർഹിക്കുന്നതാണെങ്കിലും ചില പ്രധാന കാര്യങ്ങൾ ഡോഗൻ വ്യക്തമാക്കി. ക്ലോഡ് കോഡ് ഉപയോഗിച്ച് സൃഷ്ടിച്ച കോഡ് നേരിട്ട് പ്രൊഡക്ഷന് തയ്യാറായിരുന്നില്ല. കൂടുതൽ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായി ഉപയോഗിക്കാവുന്ന ഒരു പ്രോട്ടോടൈപ്പ് പോലെയായിരുന്നു ഇത്. സങ്കീർണ്ണമായ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് മനുഷ്യാനുഭവം ഇപ്പോഴും ആവശ്യമാണെന്ന് ജാന ഡോഗൻ പറയുന്നു. ഗൂഗിളിന്റെ ആന്തരികവും രഹസ്യവുമായ ജോലികൾക്ക് ക്ലൗഡ് കോഡ് ഉപയോഗിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം അടുത്തിടെ ക്ലോഡ് കോഡിന്‍റെ സ്രഷ്ടാവായ ബോറിസ് ചെർണി, കഴിഞ്ഞ ഒരു മാസത്തെ തന്‍റെ എല്ലാ കോഡുകളും ക്ലോഡ് കോഡ് എഴുതിയതാണെന്ന് പറഞ്ഞിരുന്നു. ക്ലോഡ് കോഡ് ഉടമസ്ഥരായ ആന്ത്രോപിക് കമ്പനിയിൽ ഗൂഗിളും ഒരു നിക്ഷേപകരാണ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആപ്പിൾ വാച്ച് ധരിക്കുന്നവർ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
സ്‌ക്രീനില്ല, പക്ഷേ ഒരു സൂപ്പർ കമ്പ്യൂട്ടറിന്‍റെ ശക്തിയുള്ള പേന! 'ഗംഡ്രോപ്പ്' അവതരിപ്പിക്കാന്‍ ഓപ്പണ്‍എഐ, ആപ്പിളിന് ചങ്കിടിപ്പ്