ജിയോ കോള്‍ 'സുനാമി': പരാതിയുമായി മറ്റ് ടെലികോം കമ്പനികള്‍

By Web DeskFirst Published Sep 10, 2016, 7:07 AM IST
Highlights

ദില്ലി: റിലയന്‍സ് ജിയോയില്‍ നിന്നുമുള്ള കോളുകള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുകളിലേക്ക് കണക്ട് ചെയാന്‍ നിശ്ചിത സേവന തുക മതിയാകില്ലെന്ന് ടെലികോം കമ്പനികള്‍. നിലവില്‍ വിവിധ നെറ്റ്‌വര്‍ക്കുകള്‍ തമ്മിലുള്ള കോളുകള്‍ക്ക് മിനിറ്റിന് 14 പൈസ നിരക്കിലാണ് ടെലികോം കമ്പനികള്‍ ഈടാക്കുന്നത്.

റിലയന്‍സ് ജിയോയില്‍ നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോടാനുകോടി കോളുകള്‍ കണക്ട് ചെയാന്‍ സാധിക്കുന്നില്ല എന്ന് ജിയോ അധികൃതര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ടെലികോം കമ്പനികള്‍ തങ്ങളുടെ ആവശ്യം, ട്രായ് യുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനികളുടെ കൂടിക്കാഴ്ചയിലാണ് ഉന്നയിച്ചത്.

ന്യായമായ തോതില്‍ റിലയന്‍സ് ജിയോയില്‍ നിന്നും കോളുകള്‍ കണക്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ടെലികോം കമ്പനികള്‍ ജിയോയുടെ സൗജന്യ വോയ്‌സ്-ഡാറ്റാ കോളുകളിലൂടെ ക്രമാതീതമായ ട്രാഫിക്കാണ് രേഖപ്പെടുത്തി വരുന്നത് എന്ന ആശങ്കയും അറിയിച്ചു. ജിയോയില്‍ നിന്നും ലഭിക്കുന്ന ഇന്‍റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ്, ബാധ്യത മാത്രമാണ് നല്‍കുന്നത് എന്നും ടെലികോം കമ്പനികള്‍ വ്യക്തമാക്കുന്നു.

ജിയോയില്‍ നിന്നും വരുന്ന ക്രമാതീതമായ കോളുകളുടെ പശ്ചാത്തലത്തില്‍ നിലവിലെ ഇന്‍റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ് തങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും നിരക്ക് അടിയന്തിരമായി ഉയര്‍ത്തണം എന്നും ടെലികോം കമ്പനികള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. 

ഇന്‍റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ് ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ട്രായ് അധികൃതരാണ് എടുക്കേണ്ടത് എന്നും ഇതിനോടകം വിഷയം ട്രായയുടെ പരിഗണയില്‍ എത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ ട്രായ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.

എന്നാല്‍ ടെലികോം കമ്പനികളുടെ ആവശ്യം ഇപ്പോഴത്തെ ടെലികോം നയങ്ങള്‍ക്ക് എതിരാണെന്നും, പല കോളുകളും ഇപ്പോള്‍ തന്നെ ടെലികോം ഓപ്പറേറ്റര്‍മാര്‍ കണക്ട് ചെയ്യുന്നില്ലെന്നും ജിയോ പരാതി അറിയിച്ചു. പ്രശ്നം കമ്പനികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ട്രായി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സിറ്റിംഗില്‍ ചര്‍ച്ചയുടെ പുരോഗതി അറിയിക്കാനും ട്രായി ആവശ്യപ്പെട്ടു.

click me!