
നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നിലനിൽക്കുന്ന പരസ്യമായ രഹസ്യമാണ് ജാതിവിവേചനം. നിറത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ വരെ ജാതിയെതെന്ന് ഗണിച്ചു പറയുന്നവർ ഇന്നും ചുരുക്കമല്ല. ഇപ്പോഴിതാ ഇന്ത്യയുടെ മാത്രമല്ല അമേരിക്കയുടെയും ജാതി വ്യവസ്ഥയിൽ നിന്ന് വഴി മാറി നടക്കുകയാണ് ആപ്പിൾ. ജീവനക്കാരുടെ പെരുമാറ്റ നയം പുതുക്കുന്നതിന്റെ ഭാഗമായാണ് മികച്ച മാറ്റവുമായി ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ആപ്പിൾ രംഗത്തെത്തിയത്. ജാതി, മതം, ലിംഗഭേദം, പ്രായം, വംശപരമ്പര തുടങ്ങിയ വിവേചനങ്ങൾക്ക് ഒക്കെ ഇനി ആപ്പിൾ കമ്പനിയുടെ പരിസരത്തേക്ക് പോലും പ്രവേശനം ഇല്ല. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു തീരുമാനവുമായി ആപ്പിൾ രംഗത്ത് വന്നത്. എങ്കിലും ആപ്പിളിന്റെ തീരുമാനം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.
2020 ജൂണിലാണ് ജാതി സംബന്ധമായ പ്രശ്നം ഉയർന്നുവന്നത്. ഉന്നത ജാതീയരായ മേലുദ്യോഗസ്ഥരിൽ നിന്ന് ജാതി വിവേചനം നേരിടുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യക്കാരനായ എഞ്ചിനീയർ നൽകിയ പരാതിയിൽ നെറ്റ് വർക്കിങ് കമ്പനിയായ സിസ്‌കോ ഇപ്പോൾ കുടുങ്ങി കിടക്കുകയാണ്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന യുഎസ് വ്യവസായത്തിലുടനീളം ജാതി സംബന്ധിച്ച പ്രശ്നങ്ങളുടെ പ്രതിഫലനം വ്യക്താമായി കാണാമെന്നാണ് റിപ്പോർട്ട്.
തൊഴിലിടത്തിലെ തുല്യ പരിഗണന, പീഡന വിരുദ്ധ വിഭാഗങ്ങൾ എന്നിവയിൽ ജാതിയെ കൂടി ആപ്പിൾ 2020 സെപ്റ്റംബർ മുതൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജാതിയത നിരോധിക്കുന്നതിനുള്ള നടപടികളുമായി ആദ്യമായാണ് ഒരു അമേരിക്കൻ കമ്പനി മുന്നോട്ട് വരുന്നത്. ഇതിന് കാരണമായത് ജൂണിൽ രജിസ്റ്റർ ചെയ്യപ്പെട്ട സിസ്‌കോയ്‌ക്കെതിരെയുള്ള കേസായിരുന്നു.
വിദേശ തൊഴിലാളികളിൽ ഇന്ത്യക്കാർ കൂടുതൽ ഉള്ള കമ്പനിയാണ് സിസ്‌കോ സിസ്റ്റംസ്. അവിടത്തെ തന്റെ കരിയറിന് മേൽ ഉന്നത ജാതിയിൽ പെട്ടവരെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥർ തടസം നിൽക്കുന്നു എന്നാരോപിച്ചാണ് ഒരു ഇന്ത്യൻ എഞ്ചിനീയർ പരാതി നൽകിയത്. പരാതിയിൻമേൽ 2020 ൽ തന്നെ കാലിഫോർണിയയിലെ തൊഴിൽ വകുപ്പ് കേസെടുത്തിരുന്നു. ഈ വിഷയത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നാണ് അന്ന് സിസ്കോ പ്രതികരിച്ചത്.കാലിഫോർണിയയിൽ ജാതി എന്നത് ഒരു സംരക്ഷിത വിഭാഗമല്ലെന്നും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്നും വിവേചനം നടന്നതിന് തെളിവില്ലെന്നുമാണ് കണ്ടെത്തലെന്നും കമ്പനി പറയുന്നു.അതെ സമയം കേസ് ഒത്തുതീർപ്പാക്കാൻ സിസ്കോ നടത്തിയ നീക്കം കാലിഫോർണിയ അപ്പീൽസ് കോടതി തടഞ്ഞിരുന്നു.
തൊഴിലിടത്തിലെ ജാതി വിവേചനം സംബന്ധിച്ച ആദ്യ കേസാണിത്. ജാതി വ്യവസ്ഥ,കുടുംബ പാരമ്പര്യം എന്നിവ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെ തിരുത്തി എഴുതാൻ അമേരിക്കൻ കമ്പനികൾ നിർബന്ധിതരായത് ഈ കേസ് കാരണമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam