
ദില്ലി: ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ അറട്ടൈയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉടന്‍ വരുന്നു. സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറട്ടൈയുടെ പുതിയ ഡിസൈനിന്‍റെ ഫസ്റ്റ് ലുക്ക് എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ശ്രീധർ വെമ്പു ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ തേടി. അറട്ടൈ ആപ്പില്‍ ആദ്യം വ്യക്തിഗത ചാറ്റുകളിലാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (E2EE) ഫീച്ചർ പ്രത്യക്ഷപ്പെടുക. അതിന് ശേഷമാകും ഈ സുരക്ഷാ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റുകളില്‍ നടപ്പിലാവുക. അറട്ടൈ ആപ്പിനുള്ളിൽ ഉപയോക്താക്കൾക്ക് റെഗുലർ, എൻക്രിപ്റ്റ് ചെയ്‌ത മോഡുകൾക്കിടയിൽ എങ്ങനെ മാറാമെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് ശ്രീധര്‍ വെമ്പു പങ്കിട്ടിട്ടുണ്ട്.
ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കുക എന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറിന്‍റെ ലക്ഷ്യം. വാട്‌സ്ആപ്പിന് സമാനമായ E2EE ഉടൻ തന്നെ അറട്ടൈയിലും അവതരിപ്പിക്കുമെന്ന് മണികൺട്രോളിന് നൽകിയ അഭിമുഖത്തിൽ നേരത്തെ കമ്പനി സിഇഒ മണി വെമ്പുവും പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ ഒരു ടൈംലൈൻ അദേഹം പ്രഖ്യാപിച്ചിരുന്നില്ല. അറട്ടൈയുടെ സുരക്ഷാ ഘടനയെക്കുറിച്ച് നിരവധി ഉപയോക്തൃ അന്വേഷണങ്ങൾ ഉയർന്നതിനെ തുടർന്നാണ് എൻക്രിപ്റ്റ് ചെയ്‌ത ടെക്സ്റ്റ് മെസേജിംഗ് ചേർക്കാനുള്ള നീക്കം. എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷൻ ഒരു പ്രധാന സവിശേഷതയായി വളരെക്കാലമായി അവകാശപ്പെടുന്ന വാട്‌സ്ആപ്പ്, സിഗ്നൽ പോലുള്ള ആഗോള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളുമായി അറട്ടൈയെ മത്സരിപ്പിക്കാന്‍ ഈ സവിശേഷത സഹായിക്കും.
സോഹോ സ്വന്തമായി വികസിപ്പിച്ചെടുത്ത അറട്ടൈ മെസേജിംഗ് ആപ്പ്, വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് പകരം സുരക്ഷിതവും പ്രാദേശികമായി വികസിപ്പിച്ചതുമായ ബദലുകൾ സൃഷ്‌ടിക്കുന്നതിനുള്ള കമ്പനിയുടെ വലിയ ശ്രമത്തിന്‍റെ ഭാഗമാണ് എന്നാണ് അവകാശവാദം. ഇന്ത്യയിൽ കൂടുതൽ ഡിജിറ്റൽ പരമാധികാരത്തിനും ഡാറ്റ സ്വകാര്യതയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് ഈ പ്ലാറ്റ്‌ഫോം. വ്യക്തിപരവും പ്രൊഫഷണലുമായ ഉപയോഗത്തിനായി സ്വകാര്യത കേന്ദ്രീകരിച്ചുള്ള ആശയവിനിമയ ഉപകരണമായി 2021-ന്‍റെ തുടക്കത്തിൽ ആരംഭിച്ച അറട്ടൈ, സോഹോയുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളുടെ വൈദഗ്ധ്യവും അനുഭവവും ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ടുവരികയാണ്.
തമിഴിൽ അറട്ടൈ എന്നാൽ കാഷ്വൽ ചാറ്റ് എന്നാണ് അർഥം. ദൈനംദിന സംഭാഷണങ്ങൾ ലളിതമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ടെക്സ്റ്റ് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ അയയ്ക്കാനും വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും ഉപയോക്താക്കളെ അറട്ടൈ ആപ്പ് അനുവദിക്കുന്നു. വ്യക്തിപരവും ബിസിനസ് ആശയവിനിമയവും സുഗമമാക്കുന്നതിന് സ്റ്റോറികളും ചാനലുകളും ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം