ഇന്ത്യയില്‍ 95 കോടിപ്പേര്‍ക്ക് ഇന്‍റര്‍നെറ്റില്ല

By Web DeskFirst Published Dec 27, 2016, 10:19 AM IST
Highlights

ദില്ലി: രാജ്യത്തെ കറന്‍സിയില്ലാത്ത സമ്പത് വ്യവസ്ഥയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിന് ഒട്ടും പ്രത്യാശയില്ലാത്ത റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയിലെ 92 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ലെന്നാണ്  അസോച്ചവും ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനം പറയുന്നത്. ഇന്‍റര്‍നെറ്റ് ഡേറ്റാ നിരക്കുകള്‍ കുറയുകയും സാമാര്‍ട്ട്‌ഫോണ്‍ വിലയില്‍ വലിയ കുറവ് സംഭവിച്ചിട്ടും 95 കോടി ഇന്ത്യയ്ക്കാരില്‍ ഇപ്പോഴും നെറ്റ് എത്തിയിട്ടില്ലെന്ന് പഠനം പറയുന്നു.

ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ഇതിന് ഒപ്പം തന്നെ ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാന്‍ എല്ലാവര്‍ക്കും അപ്രാപ്യമായ ബ്രോഡ്ബാന്‍ഡും സ്മാര്‍ട്ട് ഡിവൈസുകളും പ്രതിമാസ ഡേറ്റാ പാക്കേജുകളും അനിവാര്യമാണ്. രാജ്യത്തെ ഒറ്റപ്പെട്ട ഇടങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കും വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തണമെന്നും 'സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള തന്ത്രപ്രധാനമായ മുന്‍കരുതലുകള്‍' എന്ന തലക്കെട്ടോടെയുള്ള പഠനത്തില്‍ പറയുന്നു.

ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പരിശീലന പരിപാടികള്‍ ആവിഷ്‌കരിക്കണം. ആഗോള ടെക്‌നോളജി നേതാക്കളുമായി സഹകരിച്ച് സ്‌കില്‍ ഇന്ത്യ പദ്ധതിയിലൂടെ പരിശീലനം നല്‍കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും കൈകോര്‍ത്ത് വേണം പരിശീലന പരിപാടികളും ഡിജിറ്റല്‍ പദ്ധതികളും രൂപീകരിക്കാന്‍.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഡിജിറ്റല്‍ സേവനകള്‍ നല്‍കാനും ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാനും ഉതകുംവിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് പ്രേരകമായിരിക്കണം പദ്ധതികള്‍. ഡിജിറ്റല്‍ സാക്ഷരത യജ്ഞത്തിന് പ്രാദേശിക ഭാഷകളേയും സാങ്കേതിക വിദ്യകളേയും സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു.

click me!