
ജയ്പൂര്‍: ഒരേ ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ നമ്പര്‍ ആണ്‍കുട്ടികള്‍ക്ക് കിട്ടാതിരിക്കാന്‍ പ്രത്യേകം പ്രത്യേകം വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കാനാണ് രാജസ്ഥാന്‍ വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കുന്ന ചില ആണ്‍കുട്ടികള്‍ ഫോണ്‍വഴി ശല്യം ചെയ്യുന്നുവെന്നും പുറമെയുള്ള മറ്റുള്ളവര്‍ക്ക് നമ്പര്‍ കൈമാറുന്നുവെന്നും പരാതി ഉയര്‍ന്നതോടെയാണ് സര്‍വകലാശാലാ അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വൈസ് ചാന്‍സിലര്‍ പ്രഫ. എ.കെ ഗലോട്ട് പറയുന്നു.
സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായപ്പോഴാണ് ക്ലാസ് ഷെഡ്യൂളുകളും നോട്ടുകളുമെല്ലാം വാട്സ്ആപ് വഴി നല്‍കാന്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ തീരുമാനിച്ചത്. ഔദ്ദ്യോഗിക സ്വഭാവമുണ്ടാക്കാന്‍ ക്ലാസിന്റെ ചുമതലയുള്ള അധ്യാപകര്‍ തന്നെ ഗ്രൂപ്പുകളുണ്ടാക്കി. അപ്പോഴാണ് ഫോണ്‍ നമ്പര്‍ ചോരുന്നതിനെപ്പറ്റിയുള്ള ആശങ്കകളും ഉടലെടുത്തത്. തുടര്‍ന്നാണ് വെവ്വേറെ ഗ്രൂപ്പുകളുണ്ടാക്കാന്‍ തീരുമാനിച്ചത്. ബിരുദതലത്തിലെ ക്ലാസുകളില്‍ മാത്രമാണ് ഈ വേര്‍തിരിവുള്ളതെന്നും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഗ്രൂപ്പ് മാത്രമാണെന്നും അധ്യാപകര്‍ പറയുന്നു. ക്ലാസിലെ തന്നെ ചിലരെ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഇതേക്കുറിച്ച് വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ റീച്ചാര്‍ജ് ഷോപ്പുകളില്‍ നിന്ന് പണം വാങ്ങി വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സര്‍വകലാശാലകളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നത്
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam