
ദില്ലി: പുതിയ ഉപഭോക്താക്കളുടെ മനംകവരാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 108 രൂപ മാത്രം വിലയുള്ള ഈ പ്ലാനില്‍ കോളും ഡാറ്റയും എസ്എംഎസും അടങ്ങിയിട്ടുണ്ട്. ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്ലാനാണിത്. പുതിയ സിം എടുത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് 108 രൂപ പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
കീശ കാലിയാക്കാതെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള ബിഎസ്എന്‍എല്‍ പദ്ധതി അവസാനിക്കുന്നില്ല. പുതിയ ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. 108 രൂപയാണ് ഈ റീച്ചാര്‍ജിന് വില. 28 ദിവസമാണ് വാലിഡിറ്റി. ഇടയ്ക്കിടെ റീച്ചാര്‍ജ് ചെയ്യേണ്ടിവരുന്ന തലവേദന ഈ പ്ലാന്‍ ഒഴിവാക്കിത്തരും. 28 ദിവസ കാലയളവില്‍ ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാം. ആകെ 28 ജിബി ഡാറ്റ, അതായത് ദിവസവും ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇതിനെല്ലാം പുറമെ 28 ദിവസ കാലയളവില്‍ ആകെ 500 സൗജന്യ എസ്‌എംഎസുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
ഫസ്റ്റ് റീച്ചാര്‍ജ് കൂപ്പണ്‍ (എഫ്ആര്‍സി) എന്ന നിലയ്ക്കാണ് പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ റീച്ചാര്‍ജ് പ്ലാനാണിത്. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുന്നവര്‍ 108 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌ത് സിം ആക്റ്റീവ് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യ 28 ദിവസം 108 രൂപ പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ആളുകള്‍ ബിഎസ്എന്‍എല്‍ സിം തെരഞ്ഞെടുക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ റീച്ചാര്‍ജ് പ്ലാന്‍.
Read more: ഐഫോണുമായി നേര്‍ക്കുനേര്‍; സ്ലിം ഫോണ്‍ ഇറക്കാന്‍ സാംസങും, വിവരങ്ങളെല്ലാം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം