ഹോളിവുഡിനെ വിറപ്പിച്ച് ചൈനീസ് എഐ ആപ്പ്; സീഡാൻസ് 2.0 വീഡിയോകൾ കണ്ട് തലകറങ്ങി സിനിമാക്കാർ!

Published : Feb 21, 2026, 01:39 PM IST
Seedance 2.0

Synopsis

സിനിമ നിലവാരത്തില്‍ എഐ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ശേഷിയിലുള്ള സീഡാൻസ് 2.0 മോഡല്‍ ഹോളിവുഡില്‍ വലിയ ചര്‍ച്ചയാവുന്നു. ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‍ഡാൻസാണ് സീഡാൻസ് വികസിപ്പിച്ചത്.

ഹോളിവുഡ്: ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‍ഡാൻസ് വികസിപ്പിച്ച എഐ വീഡിയോ മോഡൽ 'സീഡാൻസ് 2.0' ഹോളിവുഡിൽ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെക്കുന്നു. കുറച്ച് പ്രോംപ്റ്റ് നിർദേശങ്ങൾ മാത്രം നൽകിയാൽ ശബ്‍ദ ഇഫക്റ്റുകളും സംഭാഷണങ്ങളും ഉൾപ്പെടെ പൂർണ്ണമായും സിനിമ നിലവാരത്തിലുള്ള വീഡിയോകൾ സൃഷ്‌ടിക്കാൻ കഴിയും എന്നതാണ് സീഡാൻസ് 2.0 എഐ മോഡലിന്‍റെ പ്രത്യേകത. സീഡാന്‍സ് 2.0-യുടെ ക്രിയാത്മകതയുടെ മുന്നില്‍ മിഡ് ജേർണിയും സോറയും പോലും പിന്നിലായി എന്നാണ് അടക്കംപറച്ചില്‍.

എന്താണ് 'സീഡാൻസ് 2.0? 

സീഡാൻസ് ഉപയോഗിച്ച് സൃഷ്‌ടിച്ച സ്പൈഡർമാൻ, ഡെഡ്‌പൂൾ സൂപ്പര്‍ഹീറോ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനെ തുടർന്ന് ഡിസ്‍നിയും പാരാമൗണ്ടും ഉൾപ്പെടെയുള്ള കമ്പനികൾ സീഡാൻസിനെതിരെ കോപ്പിറൈറ്റ് ലംഘന ആരോപണങ്ങളുമായി രംഗത്തെത്തി. എങ്കിലും നിയമപരമായ പ്രശ്നങ്ങൾക്കപ്പുറം ക്രിയേറ്റിവിറ്റി വ്യവസായങ്ങളിൽ ഈ എഐ ടൂൾ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതമാണ് ഇപ്പോൾ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്. പരമ്പരാഗത ഹോളിവുഡ് സിനിമ ചിത്രീകരണ രീതിയെ മാറ്റിമറിക്കുമോ സീഡാൻസ് 2.0 എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

2025 ജൂണിൽ ആണ് ബൈറ്റ്‍ഡാൻസ് സീഡാൻസിന്‍റെ ആദ്യ എഐ മോഡല്‍ പുറത്തിറക്കിയത്. ഇതിന് എട്ട് മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ സീഡാൻസ് 2.0 എന്ന പരിഷ്‌കരിച്ച പതിപ്പാണ് ഹോളിവുഡ് സിനിമ വ്യവസായത്തെ തന്നെ ഞെട്ടിക്കുന്ന തരത്തില്‍ ക്രിയാത്മകവും കൃത്യതയും ഉള്ളതായി തരംഗമാകുന്നത്. ഉപയോക്താവിന്‍റെ ടെക്സ്റ്റ് നിർദേശങ്ങൾ അനുസരിച്ച് ദൃശ്യവും ശബ്‌ദവും ഒരുമിച്ച് സൃഷ്‌ടിക്കുന്ന ഏകീകൃത സംവിധാനമാണ് സീഡാൻസ് 2.0-യെ വ്യത്യസ്‍തമാക്കുന്നത്. മിഡ് ജേർണി, സോറ തുടങ്ങിയ പാശ്ചാത്യ എഐ മോഡലുകളെക്കാൾ കൂടുതൽ യാഥാർഥ്യബോധമുള്ള ആക്ഷൻ രംഗങ്ങൾ സൃഷ്‍ടിക്കാൻ ചൈനീസ് സീഡാൻസ് 2.0-ന് സാധിക്കുന്നുവെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

ഒറിജിനാലിറ്റിയാണ് മെയിന്‍!

നടൻ വിൽ സ്‍മിത്ത് സ്‍പാഗറ്റി കഴിക്കുന്ന ദൃശ്യം വരെ അതീവ യാഥാർഥ്യത്തോടെ പുനരാവിഷ്‍കരിച്ച സീഡാൻസ് 2.0 വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ വീഡിയോ നിർമാണ സാങ്കേതിക വിദ്യയുടെ പുതിയ അധ്യായമായി സീഡാൻസിനെ ചിലർ വിലയിരുത്തുന്നു. എങ്കിലും കോപ്പിറൈറ്റ് പ്രശ്നങ്ങൾ വൻ ചർച്ചയായി തുടരുന്നു. മുമ്പ് ഓപ്പൺഎഐയും മൈക്രോസോഫ്റ്റും ഉള്ളടക്കം അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് മാധ്യമസ്ഥാപനങ്ങക്കെതിരെ കേസ് കൊടുത്തിരുന്നു. അതേസമയം, ചെറുകിട സിനിമാ, ദൃശ്യമാധ്യമ കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ വലിയ പ്രോജക്‌ടുകൾ സൃഷ്‍ടിക്കാൻ സീഡാൻസ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ചൈനീസ് എഐ കമ്പനിയായ ഡീപ്‍സീക്ക് കഴിഞ്ഞ വര്‍ഷം ആഗോള ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ അടുത്ത ചൈനീസ് എഐ തരംഗം. 2026-ഓടെ ചൈനയിൽ എഐയുടെ വ്യാപക പ്രയോഗം അടുത്ത ഘട്ടത്തിലെത്തുമെന്നാണ് വിശകലന വിദഗ്‌ധർ പ്രവചിക്കുന്നത്. സീഡാൻസ് അതിന്‍റെ സൂചനയായിരിക്കാം എന്ന് വിലയിരുത്തപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

1.5 ജിബി ഡാറ്റ പ്ലാനുകളില്‍ ഏതാണ് ഏറ്റവും മികച്ചത്? ബിഎസ്എന്‍എല്‍, ജിയോ, എയർടെൽ റീചാര്‍ജ് പ്ലാനുകള്‍ തമ്മിലൊരു താരതമ്യം
ഗൂഗിൾ ജെമിനി 3.1 പ്രോ പുറത്തിറക്കി; സങ്കീർണ്ണ ജോലികൾ കൂളായി തീര്‍ക്കും, പൊമെല്ലിക്ക് ഫോട്ടോഷൂട്ട് ഫീച്ചർ