ബ്ലൂവെയില്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published : Nov 20, 2017, 08:02 PM ISTUpdated : Oct 05, 2018, 02:13 AM IST
ബ്ലൂവെയില്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Synopsis

ദില്ലി: കൗമാരക്കാരെ കെണിയില്‍ വീഴ്ത്തുന്ന ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയില്‍  നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബ്ലൂവെയില്‍ ഗെയിം നിരോധിക്കാന്‍ സാങ്കേതികമായ പ്രയാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓണ്‍ലൈന്‍  ഗെയിമുകള്‍ ആപ്ലിക്കേഷന്‍ ഗെയിമുകള്‍ പോലെ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം  ബ്ലൂ വെയിൽ പോലുള്ള സോഷ്യൽ മീഡിയ ഗെയിമുകളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

ഇത്തരം ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളെക്കുറിച്ചുള്ള സ്കൂൾ കുട്ടികൾക്കിടയില്‍ ബോധവത്കരണ നടത്തുന്നതിനായി ബോധവല്‍ക്കരണം സംഘടിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കുട്ടികളെ ജീവിതത്തിന്റെ മനോഹാരിതയെ പറ്റി ബോധവാന്മാരാക്കണമെന്നും ജസ്റ്റിസുമാരായ എൻ. ഖൻവിൽക്കർ ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുൾപ്പെടുന്ന ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണമെന്നും കോടതി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

ബ്ലൂ വെയിലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ആത്മഹത്യകളെ  കുറിച്ച് പഠിക്കാൻ കേന്ദ്രം വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ജീവൻ അപഹരിക്കുന്ന ഡിജിറ്റൽ ഗെയിമുകളിൽ ബോധവത്കരണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ സ്നേഹ കലിത നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി.

ഒക്ടോബർ 27 ന്, കൊലയാളി ഗെയിമായ ബ്ലൂവെയ്ല്‍ ദേശീയ പ്രശനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഗെയിമിനെതിരെ ബോധവത്കരണ പരിപാടി ദൂരദര്‍ശനും സ്വകാര്യ ചാനലുകളും സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 

പ്രത്യേക ലിങ്കുകള്‍ വഴി ലഭ്യമാകുന്ന ബ്ലൂവെയില്‍ ഗെയിം 50 ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിചിത്രമായ നിര്‍ദേശങ്ങളിലൂടെ മുന്നോട്ട് പോകുന്ന കളിക്കാരന്‍ അവസാനഘട്ടത്തില്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്നതോടെയാണ് ഗെയിം അവസാനിക്കുന്നത്. റഷ്യയില്‍ 130 ഒാളം പേരുടെ ജീവനാണ്  മരണക്കളി പൊലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം