ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡി; ഓരോ റോബോട്ടിനും പ്രത്യേക തിരിച്ചറിയൽ കോഡ് നൽകാൻ ചൈന

Published : May 30, 2026, 02:09 PM IST
Humanoid robot

Synopsis

ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പ്രത്യേക ഡിജിറ്റൽ ഐഡി നൽകുന്ന ദേശീയ സംവിധാനം ചൈന ആരംഭിച്ചു. നിർമ്മാണം മുതൽ ഉപയോഗം, പരിപാലനം, റീസൈക്ലിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കാൻ ഈ പദ്ധതി സഹായിക്കും. റോബോട്ടിക്സ് മേഖലയിലെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മനുഷ്യർക്കായി ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡുകൾ പോലെ തന്നെ ഇനി ഹ്യൂമനോയിഡ് റോബോട്ടുകൾക്കും പ്രത്യേക ഡിജിറ്റൽ ഐഡി നൽകാനുള്ള പദ്ധതിയുമായി ചൈന. കൃത്രിമ ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള എല്ലാ ഹ്യൂമനോയിഡ് റോബോട്ടുകൾക്കും സ്വന്തം ഡിജിറ്റൽ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ സംവിധാനമാണ് ചൈന ആരംഭിച്ചിരിക്കുന്നത്. “ഹ്യൂമനോയിഡ് ഫുൾ ലൈഫ്‌സൈക്കിൾ മാനേജ്മെന്‍റ് സർവീസ് പ്ലാറ്റ്‌ഫോം” എന്ന പേരിലുള്ള ഈ പദ്ധതി റോബോട്ടുകളുടെ നിർമ്മാണം മുതൽ ഉപയോഗം, പരിപാലനം, റീസൈക്ലിംഗ്, അവസാനമായി പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കൽ വരെ എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കാൻ സഹായിക്കും.

പുതിയ സംവിധാനപ്രകാരം, ചൈനയിൽ നിർമ്മിക്കുന്ന ഓരോ ഹ്യൂമനോയിഡ് റോബോട്ടിനും 29 അക്കങ്ങളുള്ള പ്രത്യേക തിരിച്ചറിയൽ കോഡ് നൽകും. ഈ കോഡിലൂടെ റോബോട്ടിന്‍റെ നിർമ്മാതാവ് ആരാണ്, ഏത് മോഡലാണ്, എവിടെയാണ് ഉപയോഗിക്കുന്നത്, എപ്പോൾ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയും. റോബോട്ടിന്‍റെ മുഴുവൻ ജീവിതചക്രവും ഈ ഡിജിറ്റൽ ഐഡിയുമായി ബന്ധിപ്പിക്കപ്പെടും.

ചൈനയുടെ വ്യവസായ-വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഹ്യൂമനോയിഡ് റോബോട്ടിക്‌സ് ആൻഡ് എംബോഡിഡ് ഇന്‍റലിജൻസ് സ്റ്റാൻഡർഡൈസേഷൻ കമ്മിറ്റി പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു. അതിവേഗം വളരുന്ന ഹ്യൂമനോയിഡ് റോബോട്ടിക്‌സ് മേഖലയിലെ സുരക്ഷ, ഉത്തരവാദിത്തം, നിയന്ത്രണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

29 അക്കങ്ങളുള്ള തിരിച്ചറിയൽ നമ്പറിൽ നാല് ഘടകങ്ങളാണുള്ളത്. രണ്ട് അക്കങ്ങളുള്ള രാജ്യ കോഡ്, നാല് അക്കങ്ങളുള്ള നിർമ്മാതൃ കോഡ്, ആറ് അക്കങ്ങളുള്ള മോഡൽ കോഡ്, ഓരോ റോബോട്ടിനും പ്രത്യേകമായി നൽകുന്ന 17 അക്കങ്ങളുള്ള സീരിയൽ നമ്പർ എന്നിവ ചേർന്നതാണ് ഈ ഐഡി. ഇതിലൂടെ ഓരോ റോബോട്ടിനും വ്യത്യസ്തമായ ഡിജിറ്റൽ തിരിച്ചറിയൽ ലഭിക്കും.

പദ്ധതിയുടെ ഭാഗമായി “കോഡ് ഇല്ലെങ്കിൽ വിപണിയിൽ പ്രവേശനമില്ല” എന്ന കർശന നയം നടപ്പാക്കും. രജിസ്റ്റർ ചെയ്യാത്ത ഹ്യൂമനോയിഡ് റോബോട്ടുകൾ ചൈനയിൽ വിൽക്കാനോ വിന്യസിക്കാനോ കഴിയില്ല. പൊതുവായ തകരാറുകൾ കണ്ടെത്തിയാൽ നിർമ്മാതാക്കൾ നിർബന്ധമായും റിക്കോൾ പ്രഖ്യാപിക്കണമെന്നും ചട്ടം വ്യക്തമാക്കുന്നു. കൂടാതെ, ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച റോബോട്ടുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് പുനർനിർമിച്ച യന്ത്രങ്ങളെ വീണ്ടും വിപണിയിൽ എത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഇതിനകം തന്നെ 100-ൽ അധികം ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് നിർമ്മാതാക്കൾ ഈ പ്ലാറ്റ്‌ഫോമിൽ ചേർന്നിട്ടുണ്ട്. 200-ലധികം മോഡലുകളിലായി 28,000-ത്തിലധികം റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡികൾ അനുവദിച്ചുകഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹ്യൂമനോയിഡ് റോബോട്ടുകളുടെ വ്യാപക ഉപയോഗത്തിനായി ശക്തമായ നിയന്ത്രണ സംവിധാനമൊരുക്കാനുള്ള ചൈനയുടെ നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറഞ്ഞ വിലയിലുള്ള വിൻഡോസ് ലാപ്‌ടോപ്പുകൾക്കായി സ്‍നാപ്ഡ്രാഗൺ സി ചിപ്പ് അവതരിപ്പിച്ച് ക്വാൽകോം
22000 രൂപയിലധികം വിലക്കുറവിൽ ആപ്പിൾ ഐഫോൺ 15, അമ്പരപ്പിക്കും ഓഫർ ഈ പ്ലാറ്റ്‌ഫോമിൽ