സിഐഎ എല്ലാവരെയും ചോര്‍ത്തുന്നു; വിക്കീലീക്ക്സിന്‍റെ ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട്

By Web DeskFirst Published Mar 9, 2017, 10:50 AM IST
Highlights

ന്യൂയോര്‍ക്ക്: വിക്കീലീക്‌സിന്‍റെ പുതിയ  വെളിപ്പെടുത്തല്‍ ലോകത്തെമ്പാടും ചര്‍ച്ചയാകുകയാണ്. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം വ്യക്തിപരമായതും, തന്ത്രപ്രധാനവുമായ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് വിക്കിലീക്സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാര സംഘടന സിഐഎ ഇതിനായി ലോകത്തെ പ്രമുഖ ഇലക്ട്രോണിക് കമ്പനികളെ ഉപയോഗിക്കുന്നു എന്ന് തെളിവുകള്‍ സഹിതം വിക്കീലീക്സ് വെളിപ്പെടുത്തുന്നു.

സി.ഐ.എയുടെ 9000 രേഖകളാണ് കഴിഞ്ഞ ദിവസം വിക്കീലീക്ക്സ് പുറത്ത് എത്തിച്ചത്. ഇതില്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് സ്മാര്‍ട്ട്‌ടെലിവിഷന്‍ എന്നിവയില്‍ നിന്ന് അമേരിക്കന്‍ ചാരസംഘടന വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് പറയുന്നു.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ലോകത്തിന്‍റെ ഏതുഭാഗത്തു നിന്നും ചോര്‍ത്താന്‍ ശേഷിയുണ്ടെന്നാണ് ചോര്‍ന്ന രേഖകള്‍ പറയുന്നത്.  എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ നിയന്ത്രണം സിഐഎയ്ക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. രഹസ്യം ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഹാക്കര്‍മാരുടെ കൈകളിലെത്തുകയാണെങ്കില്‍ ലോകമെങ്ങുമുള്ള രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.

മുന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാക്കര്‍മാരിലൊരാളാണ് രഹസ്യ രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയതെന്ന് വീക്കിലീക്‌സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സി.ഐ.എ വക്താവ് ജോനാഥന്‍ ലിയു തയ്യാറായിട്ടില്ല. രഹസ്യ രേഖകളുടെ ഉള്ളടക്കത്തെ കുറിച്ചോ അതിന്റെ ആധികാരികതയെ കുറിച്ചോ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിഐഎ തങ്ങളുടെ ഉപകരങ്ങള്‍ ഉപയോഗിച്ച് വിവരം ചോര്‍ത്തുന്നു എന്ന വാര്‍ത്ത ആപ്പിള്‍ നിഷേധിച്ചിട്ടുണ്ട്. പുതിയ ഐഒഎസ് അപ്ഡേറ്റുകള്‍ ഇത്തരത്തില്‍ ഏതോരു നീക്കവും തടയും എന്നാണ് ആപ്പിള്‍ പറയുന്നത്. മൈക്രോസോഫ്റ്റും വിക്കീലീക്ക്സ് വെളിപ്പെടുത്തലുകള്‍ തള്ളുന്നു. തങ്ങളുടെ സ്മാര്‍ട്ട് ടിവി ഉപയോക്താക്കളുടെ വിവരങ്ങള്‍ മൂന്നാമത് ഒരു ഏജന്‍സിക്ക് കവരുവാന്‍ സാധിക്കില്ലെന്നും, അത്തരം ഒരു നീക്കം ഉണ്ടെങ്കില്‍ അത് തടയുമെന്നുമാണ് സാംസങ്ങ് പറയുന്നത്.

2010ല്‍ യു.എസ് സൈനിക വിഭാഗവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷത്തിലധികം രഹസ്യ രേഖകള്‍ വീക്കിലിക്‌സ് പുറത്ത് വിട്ടിരുന്നു.
 

click me!