
ദില്ലി: വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന പുതിയ സ്കാനർ യാത്രക്കാരെ അതിസൂക്ഷ്മമായി പരിശോധിക്കാൻ ശേഷിയുള്ളവ. ആഭരണങ്ങൾ, സാരി, ലോഹപ്പണികളുള്ള ഇന്ത്യൻ വസ്ത്രങ്ങൾ എന്നിവയിൽ എല്ലാം സ്കാനറിന് പ്രത്യേക കണ്ണുണ്ടാകും. ഡമ്മി യാത്രക്കാരെ ഉപയോഗിച്ചുള്ള സ്കാനറിന്റെ പരീക്ഷണ പ്രവർത്തനം ഒരാഴ്ചയോളം നടത്തിയ ശേഷമാണ് ഇൗ മാസം അവസാനത്തോടെ സ്ഥിരം സംവിധാനമാക്കാൻ പോകുന്നത്.
റഷ്യൻ കമ്പനിയുമായി ചേർന്ന് ഗുജറാത്തിലെ കമ്പനിയാണ് സ്കാനർ ഒരുക്കുന്നത്. സ്കാനർ ഉടൻ അപായ ശബ്ദം പുറപ്പെടുവിക്കുന്നതിന് പകരം സംശയകരമായ യാത്രകാരുടെ പൂർണമായ എക്സ്റേ ചിത്രം തയാറാക്കും. നേരത്തെയുണ്ടായിരുന്ന സ്കാനർ തെറ്റായ രീതിയിൽ അപായ ശബ്ദം പുറപ്പെടുവിക്കുന്നത് കൂടിയായിരുന്നു. ആഭരണം ധരിച്ച സ്ത്രീകൾ, ലോഹപ്പണികളുള്ള സാരി ധരിച്ചവർ എന്നിവരുടെ കാര്യത്തിൽ തെറ്റായ സന്ദേശങ്ങളാണ് പഴയ സ്കാനർ നൽകിയിരുന്നത്. ഇന്ത്യൻ നിലവാരത്തിനനുസൃതമായി രൂപകൽപ്പന ചെയ്ത പുതിയ സ്കാനർ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിവുള്ളത് കൂടിയാണെന്ന് സുരക്ഷാ വിഭാഗം പറയുന്നു.
ടെർമിനൽ മൂന്നിൽ എത്തിച്ച പുതിയ സ്കാനറിൽ സി.ഐ.എസ്.എഫ് ജീവനക്കാർ പരിശീലന നേടിവരികയാണ്.
റഷ്യൻ കമ്പനിയുടെ സഹായത്തോടെ മറ്റൊരു റൗണ്ട് പരിശീലനം ആഭ്യന്തര യാത്രക്കാർക്കുള്ള ടെർമിനലിൽ സ്കാനർ സ്ഥാപിക്കുമ്പോള്‍ നൽകും. അൾട്ര ലോ ഡോസ് എക്സ്റേ ഉപയോഗിച്ചാണ് സ്കാനർ പ്രവർത്തിക്കുന്നത്. കൃത്യമായ സ്കാനിങും ഭിന്നശേഷിയുള്ളവരെ ശരിയായി പരിശോധിക്കാനും പുതിയ സ്കാനർ സഹായകരമാണെന്നും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പറയുന്നു. സംശയകരമായ യാത്രക്കാരന്‍റെ കാര്യത്തിൽ അപായ സൂചന പുറപ്പെടുവിക്കുന്നതിന് പകരം പൂർണമായ സ്കാനിങ് നടത്താൻ പുതിയ സ്കാനർ സഹായിക്കുന്നു. ശരീരത്തിന്‍റെ ഏത് ഭാഗത്ത് ഒളിപ്പിച്ചുവെച്ച വസ്തുക്കളും കണ്ടെത്താൻ പുതിയ സ്കാനർ സഹായകമാണ്.
അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് പുതിയ സ്കാനറിലെ എക്സ്റേ സംവിധാനമെന്നും അധികൃതർ പറയുന്നു.
ടെലഫോൺ ബൂത്ത് മാതൃകയിലുള്ള സംവിധാനത്തിൽ കയറുന്ന കയറുന്ന യാത്രക്കാരന്‍റെ ചിത്രം 23 സെക്കൻറുകൊണ്ട് സ്കാനർ തയാറാക്കുകയും ഇത് സി.ഐ.എസ്.എഫുകാര്‍ പരിശോധിക്കുകയും ചെയ്യും.
വസ്ത്രം, ഷൂ, മൊബൈൽ ഫോൺ എന്നിവയൊന്നും ശരീരത്തിൽ നിന്ന് മാറ്റാതെ പരിശോധന നടത്താൻ പുതിയ സ്കാനറിന് ശേഷിയുണ്ട്. ശരീരത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബ്ലേഡ്, പേപ്പർ കട്ടർ, സ്ഫോടക ശേഷിയുള്ള വസ്തുക്കൾ തുടങ്ങിയവയെല്ലാം സ്കാനർ കണ്ടെത്തും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam