
ദില്ലി: ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ആമസോണിനെ പറ്റിച്ച് ദില്ലിയിലെ യുവാവ് തട്ടിയെടുത്തത് അരക്കോടി രൂപ. വടക്കൻ ഡൽഹിയിലെ ത്രിനഗർ സ്വദേശിയായ ശിവ് ചോപ്ര എന്ന ഇരുപത്തൊന്നുകാരനാണ് സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പു നടത്തിയത്. ഡൽഹി നോർത്ത് വെസ്റ്റ് ഡിസിപി മിലിൻഡ് ഡന്പിറും ആമസോണ്‍ പ്രതിനിധികളും ചേർന്നു പത്രസമ്മേളനം നടത്തിയാണ് ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയായ ശിവയുടെ സമാനതകളില്ലാത്ത തട്ടിപ്പുകഥ ലോകരെ അറിയിച്ചത്.
ഐ ഫോണ്‍ ഉൾപ്പെടെയുള്ള വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്ത് കൈയിൽ കിട്ടിയ ശേഷം തനിക്ക് ഫോണ്‍ കിട്ടിയില്ലെന്നു കന്പനിയെ ബോധ്യപ്പെടുത്തി നഷ്ടപരിഹാരം നേടുന്നതായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ 222 ഫോണുകൾ ഇയാൾ കൈപ്പറ്റിയെന്നും ഫോണ്‍ ലഭിച്ചില്ലെന്നുകാണിച്ച് 166 പ്രാവശ്യം കമ്പനിയില്‍ നിന്നും നഷ്ടപരിഹാരത്തുക നേടിയെന്നും പോലീസ് പറഞ്ഞു. ലഭിച്ച ഫോണുകൾ മറിച്ചുവിറ്റും ശിവ പണമുണ്ടാക്കിയത്രേ.
വ്യാജ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ഇരുന്നൂറോളം സിം കാർഡുകൾ സംഘടിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. വ്യാജ രേഖകളാണെന്നറിഞ്ഞിട്ടും ശിവയ്ക്കു സിം കാർഡുകൾ നല്കിയ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിം കാർഡുകൾ ഉപയോഗിച്ച് പല പേരുകളിൽ ഇ-മെയിൽ അക്കൗണ്ടുകൾ നിർമിച്ചാണ് ഇയാൾ ആമസോണിൽ നൂറിലധികം അക്കൗണ്ടുകൾ സ്വന്തമാക്കിയത്. ഈ അക്കൗണ്ടുകളിലെല്ലാം വ്യാജ വിലാസമാണ് നല്കിയിരുന്നതും.
മേൽവിലാസം കണ്ടെത്താനാകാതെ ഡെലിവറി ബോയി ഫോണിൽ വിളിക്കുന്പോൾ ഡെലിവറി ബോയിയുടെ അരികിൽ ഇയാൾ നേരിട്ടെത്തിയാണ് ഫോണ്‍ കൈപ്പറ്റിയിരുന്നത്. പല അക്കൗണ്ടുകളിൽനിന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നതിനാൽ സംഭവം തട്ടിപ്പാണെന്നു കണ്ടെത്താൻ ആമസോണിന് സാധിച്ചതുമില്ല.
എന്നാൽ, വടക്കൻ ഡൽഹി കേന്ദ്രീകരിച്ച് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതി തുടർക്കഥയായതോടെയാണ് ആമസോണ്‍ അമളി മണത്തത്. ഉടൻതന്നെ സംഭവങ്ങളേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ഈ സംഘം നടത്തിയ രഹസ്യാന്വേഷണത്തിൽ തട്ടിപ്പു സ്ഥിരീകരിച്ചതോടെയാണ് അധികൃതർ പരാതിയുമായി പോലീസിനെ സമീപിച്ചത്. തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം ഉടൻതന്നെ പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിക്കുമെന്നു പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam