മോഹിപ്പിച്ച് കടന്നുകളഞ്ഞ ടിക് ടോക്; ചൈനീസ് ആപ്പിന് ഇന്ത്യയിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ?

Published : Aug 23, 2025, 09:55 AM IST
TikTok

Synopsis

ടിക് ടോക്കിന്‍റെ വെബ്‌സൈറ്റിലേക്ക് ആക്‌സസ് ലഭിച്ചെന്ന് പലരും അവകാശപ്പെട്ടെങ്കിലും വീഡിയോ പ്ലേ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ടിക് ടോക് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായുമില്ല.

തിരുവനന്തപുരം: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചൈനീസ് ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക്‌ ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നോ? ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്‍റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ആപ്പ് ലഭ്യമായില്ലെങ്കിലും ടിക് ടോക്കിന്‍റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഊഹാപോഹങ്ങൾ പടരുകയായിരുന്നു. എന്നാല്‍ ടിക് ടോക്കിന്‍റെ വിലക്ക് തുടരും എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി.

അഞ്ച് വർഷം മുമ്പാണ് ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്. ഇന്നലെ ചിലര്‍ക്കെങ്കിലും ടിക് ടോക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ടെക് ടീമിലെ അംഗങ്ങൾ പരിശോധിച്ചപ്പോൾ, അവർക്ക് ഹോംപേജ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞുവെന്നും പക്ഷേ മറ്റ് പേജുകളൊന്നും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല എന്നുമായിരുന്നു റിപ്പോർട്ട്. ഇത് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഘട്ടംഘട്ടമായുള്ള റീലോഞ്ചിംഗിനെ സൂചിപ്പിക്കുന്നതാണ് എന്നായിരുന്നു വാര്‍ത്ത. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടിക് ടോകിനുള്ള നിരോധനം നീങ്ങുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- ചൈന സഹകരണ സാധ്യതകള്‍ വര്‍ധിച്ചിരിക്കേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

അതേസമയം, ടിക് ടോക് ആപ്പിലേക്ക് ആക്‌സസ് ലഭ്യമായതായി ദേശീയ മാധ്യമങ്ങളോ എക്‌സില്‍ യൂസര്‍മാരോ റിപ്പോര്‍ട്ട് ചെയ്‌തില്ല. ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കിൽ നിന്നോ അതിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായില്ല.  എങ്കിലും വെബ്‌സൈറ്റിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്ത ആരാധകർക്കിടയിൽ ആവേശത്തിന്‍റെ തരംഗം സൃഷ്‍ടിച്ചു. എന്നാല്‍ ഇപ്പോഴും ടിക് ടോക്കിന് ബ്ലോക്ക് തുടരുകയാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പലരും കുറിച്ചിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ്, ടിക് ടോക്കിന്‍റെ ഇന്ത്യന്‍ മടങ്ങിവരവ് ഒരു കെട്ടുകഥ മാത്രമാണെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം പുറത്തുവന്നത്.

എന്തുകൊണ്ടാണ് ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്?

2020 ജൂൺ മാസത്തിലാണ് കേന്ദ്ര സർക്കാർ ടിക് ടോക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയില്‍ നിരോധിച്ചത്. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ടിക് ടോക്കിനെയും ഷെയറിറ്റ്, കാംസ്‌കാനർ തുടങ്ങിയവ ഉൾപ്പെടെ 58 ചൈനീസ് ആപ്പുകളും നിരോധിച്ചത്. 2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ സൈനിക സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‍നങ്ങൾ രൂക്ഷമായി. തുടർന്നാണ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന കാരണത്താൽ ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയായതിനാലാണ് ടിക് ടോക്കിനെയും മറ്റ് ആപ്പുകളെയും നിരോധിക്കാൻ കാരണമെന്ന് കേന്ദ്രം പറഞ്ഞിരുന്നു.

ചൈനീസ് ആപ്പുകൾ ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് സർക്കാരുമായി പങ്കിടുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും ഈ ആപ്പുകൾ ഭീഷണിയാണെന്ന് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. നിരോധന സമയത്ത് ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം (20 കോടി) ഉപയോക്താക്കളുണ്ടായിരുന്നു. ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ടിക് ടോക് അടക്കമുള്ള ആപ്പുകള്‍ക്കുള്ള നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കുന്നതായി ഒരു സ്ഥിരീകരണവും ഇതുവരെയില്ല. എങ്കിലും ടിക് ടോക് ആരാധകര്‍ കാത്തിരിപ്പിലാണ്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്