ഫേസ്ബുക്ക് പുതിയ വിവാദത്തില്‍; പരിഹരിക്കാന്‍ സുക്കര്‍ബര്‍ഗ് നേരിട്ടിറങ്ങി

By Web DeskFirst Published May 13, 2016, 2:08 PM IST
Highlights

ഫേസ്ബുക്ക് ട്രെന്‍റിങ്ങ് ടോപ്പിക്കുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഫേസ്ബുക്കില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സെക്ഷനാണ് ട്രെന്‍റിങ്ങ് ടോപ്പിക്കുകള്‍. 2013 സെപ്തംബറിലാണ് ട്വിറ്ററിനെ പിന്തുടര്‍ന്ന് ട്രെന്‍റിങ്ങ് ടോപ്പിക്സ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്കിലെ ട്രെന്‍റിങ്ങ് ടോപ്പിക്ക് വഴി ഫേസ്ബുക്കിലെ ഏറ്റവും ചൂടുള്ള വിഷയങ്ങള്‍ എല്ലാ ഉപയോക്താവിനും ലഭിക്കാന്‍ സഹായകരമാകുമെന്നാണ് ഇതിനെ ഫേസ്ബുക്ക് വിശേഷിപ്പിക്കുന്നത്.

എന്നാല്‍ അമേരിക്കന്‍ വെബ് സൈറ്റായ ഗിസ്മോഡോയില്‍ വന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദ കൊടുംങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. ഫേസ്ബുക്ക് തങ്ങളുടെ ട്രെന്‍റിങ്ങ് ഏരിയ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് ഇവരുടെ പഠനങ്ങള്‍ ആരോപിക്കുന്നത്. അമേരിക്കയിലെ കണ്‍സര്‍വേറ്റീവുകളുടെ വാര്‍ത്തകളെ മനപൂര്‍വ്വം ഫേസ്ബുക്ക് തങ്ങളുടെ ട്രെന്‍റിങ്ങ് ടോപ്പിക്കില്‍ നിന്ന് ഒഴിവാക്കുന്നു എന്നാണ് ആരോപണം. ഇതിനായി ചില ഡിജിറ്റല്‍ തെളിവുകളും ഇവര്‍ പുറത്ത് എത്തിച്ചു.

എന്തായാലും വിഷയത്തില്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇടപെട്ടു. വിഷയം ഗൗരവം ഉള്ളതെന്ന് സമ്മതിച്ച സുക്കര്‍ബര്‍ഗ് എന്നാല്‍ ഫേസ്ബുക്ക് രാഷ്ട്രീയം കളിക്കുന്നു എന്ന കാര്യം നിഷേധിക്കുന്നു. പക്ഷെ വിവാദം ഉന്നയിക്കുന്ന കണ്‍സര്‍വേറ്റീവ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മാര്‍ക്ക് പറയുന്നു.

ഒപ്പം എങ്ങനെ ട്രെന്‍റിങ്ങ് ടോപ്പിക്ക് തങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നതും വ്യക്തമാക്കുന്നുണ്ട് തന്‍റെ പോസ്റ്റില്‍ സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സോഷ്യല്‍ മീഡിയ രംഗത്ത് കനത്ത മത്സരം നടക്കുന്ന സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് പുതിയ വിവാദത്തില്‍ ഫേസ്ബുക്ക് നീങ്ങുന്നത് എന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തല്‍.

click me!