ടെല്‍ അവീവില്‍ ഇറാന്‍ മിസൈല്‍ മഴ! അയേണ്‍ ഡോം മുതല്‍ ആരോ 3 വരെ പുകള്‍പെറ്റ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നോ?

Published : Jun 14, 2025, 11:40 AM ISTUpdated : Jun 14, 2025, 11:46 AM IST
Iran launches retaliatory strikes against Israel

Synopsis

ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് അവകാശപ്പെടുന്ന ഇസ്രയേലി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നോ? വിറപ്പിച്ച് ഇറാന്‍റെ പ്രത്യാക്രമണം

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പുകച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇറാനിലെ സൈനിക, ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തിന് കനത്ത മറുപടി നല്‍കി ടെല്‍ അവീവിലേക്ക് അടക്കം ഇന്നലെ രാത്രി ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു. ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തി ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവില്‍ വീഴ്‌ത്താന്‍ ഇറാനായി. ഇസ്രയേലിന്‍റെ രക്ഷാകവചം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയേണ്‍ ഡോം മുതല്‍ ആരോ വരെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് വിശദമായി അറിയാം.

അയേണ്‍ ഡോം: ഇസ്രയേലിന്‍റെ ഏറ്റവും പ്രസിദ്ധമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം. ഹ്രസ്വ-ദൂര റോക്കറ്റുകള്‍ തകര്‍ക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഓരോ അയൺ ഡോം ബാറ്ററിയിലും 20 ഇന്‍റർസെപ്റ്റർ മിസൈലുകളുള്ള മൂന്ന് മുതൽ നാല് വരെ ലോഞ്ചറുകൾ ഉൾപ്പെടുന്നു. റഡാറുകളുടെ സഹായത്തോടെ മിസൈലുകളും ആളില്ലാ വിമാനങ്ങളും തിരിച്ചറിഞ്ഞ് ടാമിര്‍ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് അയേണ്‍ ഡോം ചെയ്യുന്നത്. 90 ശതമാനം വിജയമാണ് അയേണ്‍ ഡോമിന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. യുഎസ് പിന്തുണയോടെ റഫേല്‍ അഡ്വാന്‍സ്‌ഡ് ഡിഫന്‍സ് സിസ്റ്റവും ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് അയേണ്‍ ഡോം വികസിപ്പിച്ചത്. 2011ല്‍ അയേണ്‍ ഡോം ആദ്യമായി അതിര്‍ത്തികളില്‍ ഇസ്രയേല്‍ വിന്യസിച്ചു. ഹമാസും ഹിസ്‌ബുള്ളയും തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകളാണ് ആകാശത്ത് വച്ച് അയേണ്‍ ഡോം തകര്‍ത്തിട്ടുള്ളത്.

ഡേവിഡ് സ്ലിങ്: ഇസ്രയേലിന്‍റെ മധ്യ-ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് ഡേവിഡ് സ്ലിങ്. 300 കിലോമീറ്റര്‍ വരെ പരിധിയില്‍ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ തകര്‍ക്കാന്‍ ഇതിനാകും എന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വരുന്ന മിസൈലുകള്‍ തകര്‍ക്കാനാണ് പ്രധാനമായും ഡേവിഡ് സ്ലിങ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. മിസൈലുകള്‍ക്ക് പുറമെ ഡ്രോണുകളും ക്രൂസ് മിസൈലുകളും നേരിടാന്‍ ഡേവിഡ് സ്ലിങിന് ശേഷിയുണ്ട്. ഇതിലെ ആരോ സ്റ്റണ്ണര്‍ മിസൈലിനും ഒരു ദശലക്ഷം ഡോളര്‍ വില കണക്കാക്കുന്നു.

ആരോ 2: ഹ്രസ്വദൂര- മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഭൂമിയില്‍ നിന്ന് 50 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വച്ച് തകര്‍ക്കാനുള്ള ശേഷിയുണ്ട് ആരോ 2-വിന്. 500 കിലോമീറ്റര്‍ അകലെ നിന്നുവരെ വരുന്ന ഭീഷണികളെ നേരിടാന്‍ ഇതിനാകും എന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു. ഒരേസമയം 14 ലക്ഷ്യങ്ങളിലേക്ക് വരെ ആക്രമിക്കാന്‍ ശേഷിയുള്ള ആരോ 2-വിലെ പ്രതിരോധ മിസൈലുകള്‍ ശബ്‌ദത്തേക്കാള്‍ 9 മടങ്ങ് വേഗത്തിലാണ് സഞ്ചരിക്കുക.

ആരോ 3: ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുവരെ ചെന്ന് ഭീഷണികളെ നേരിടാനായി ഇസ്രയേല്‍ സജ്ജമാക്കിയതാണ് ആരോ 3 മിസൈല്‍ പ്രതിരോധ സംവിധാനം. ലോങ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെ തടയാനുള്ള ഇസ്രയേലി സംവിധാനമാണിത്. ആരോ 3-യുടെ പരിധി 2400 കിലോമീറ്റര്‍ വരെയാണ്. 2023ല്‍ യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആരോ 3 നിര്‍വീര്യമാക്കിയിരുന്നു.

അയേണ്‍ ബീം: റഫേല്‍ നിര്‍മ്മിച്ച ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് അയേണ്‍ ബീം. അയേണ്‍ ബീം ലേസര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 10 കിലോമീറ്റര്‍ പരിധിക്കുള്ളിലെ പ്രതിരോധമാണ് അയേണ്‍ ബീമിന്‍റെ ചുമതല. പരമ്പരാഗത മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലവ് കുറയ്ക്കാന്‍ ഈ മിസൈലുകള്‍ ഇസ്രയേലിനെ അനുവദിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്