'തത്കാല്‍ ടിക്കറ്റുകളുടെ' സൈബര്‍ തട്ടിപ്പ്: സിബിഐക്കാരന്‍ അടക്കം അറസ്റ്റില്‍

By Web DeskFirst Published Dec 28, 2017, 12:16 PM IST
Highlights

ദില്ലി: റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റ് സംവിധാനം അട്ടിമറിക്കുന്ന സംഘം ഒടുവില്‍ കുടുങ്ങി. സാധാരണക്കാരന് തല്‍കാല്‍ ടിക്കറ്റ് ലഭിക്കാത്തതിന് പിന്നില്‍ പ്രവര്‍ത്തകുന്ന വലിയ സൈബര്‍ തട്ടിപ്പ് ശൃംഖലയെ ആണ് സിബിഐ പിടികൂടിയത്. സിബിഐയില്‍ ജോലി ചെയ്യുന്ന പ്രോഗ്രാമറും ഈ സംഘത്തില്‍ പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

സിബിഐയില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വലിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തില്‍ നിഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് തത്കാല്‍ ടിക്കറ്റുകള്‍ വന്‍തോതില്‍ അനധികൃതമായി ബുക്ക് ചെയ്യപ്പെടുന്നത്. 

ഈ സോഫ്റ്റ് വെയറിലൂടെ ഒറ്റസമയത്തില്‍ 800 മുതല്‍ 1000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അജയ് ഗാര്‍ഗ് വികസിപ്പിച്ചെടുത്ത സോഫ്റ്റവെയര്‍ ഉപയോഗിച്ച് രാജ്യത്ത് പല ട്രാവല്‍ ഏജന്‍സികളും അനധികൃതമായി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതായാണ് സിബിഐ കണ്ടെത്തുകയായിരുന്നു. സോഫ്റ്റ്‌വെയറുകള്‍ വില്‍ക്കുകയായിരുന്നു. 

ഇതുപയോഗിച്ചുള്ള ബുക്കിങ്ങിന് കമ്മീഷന്‍ ഇനത്തില്‍ ഇയാള്‍ക്ക് പണം ലഭിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലും മറ്റു 14 സ്ഥലങ്ങളിലുമായി നിരവധി ട്രാവല്‍ ഏജന്റുമാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് നടത്തിയ തിരച്ചിലില്‍ 89.42 ലക്ഷം രൂപയും 61 ലക്ഷത്തിന്റെ സ്വര്‍ണവും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ 15 ലാപ്‌ടോപ്പുകളും, അത്രതന്നെ ഹാര്‍ഡ് ഡിസ്‌കുകളും, 52 മൊബൈല്‍ ഫോണുകളും, 24 സിം കാര്‍ഡുകളും, 19 പെന്‍ഡ്രൈവുകളും കണ്ടെത്തിയിട്ടുണ്ട്.

click me!