ആഗോള ഐടി പ്രതിസന്ധി ബാധിക്കാത്ത ഒരേയൊരു രാജ്യമോ; ചൈനയില്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പറന്നു- റിപ്പോര്‍ട്ട്

Published : Jul 21, 2024, 10:37 AM ISTUpdated : Jul 21, 2024, 10:42 AM IST
ആഗോള ഐടി പ്രതിസന്ധി ബാധിക്കാത്ത ഒരേയൊരു രാജ്യമോ; ചൈനയില്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പറന്നു- റിപ്പോര്‍ട്ട്

Synopsis

വിന്‍ഡോസ് ഒഎസിലെ പ്രശ്‌നം ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധിയായി മാറിയപ്പോള്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ചൈന

ബീജിംഗ്: ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിലുണ്ടായ പിഴവിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകള്‍ തകരാറിലായതോടെ ലോകം നിശ്ചലമായപ്പോഴും കുലക്കമില്ലാതെ ചൈന. അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റിന്‍റെയും ക്രൗഡ്‌സ്ട്രൈക്കിന്‍റേയും സേവനങ്ങള്‍ അധികം ചൈനയിലെ കമ്പനികള്‍ ഉപയോഗിക്കാത്തതാണ് രക്ഷയായത്. വിന്‍ഡോസ് സിസ്റ്റങ്ങള്‍ പണിമുടക്കിയതോടെ ലോകവ്യാപകമായി വിമാന സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ ചൈനയില്‍ ഒരു തടസവുമില്ലാതെ കൃത്യസമയത്ത് വിമാനങ്ങള്‍ പറന്നതായാണ് റിപ്പോര്‍ട്ട്. 

വിന്‍ഡോസ് ഒഎസിലെ പ്രശ്‌നം ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധിയായി മാറിയപ്പോള്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ചൈനയാണ് എന്ന് രാജ്യാന്തര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റിന് സുരക്ഷാ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ സേവനങ്ങള്‍ ചൈനയില്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ഇതിന് കാരണം. വളരെ കുറച്ച് ചൈനീസ് കമ്പനികളെ സൈബര്‍ സെക്യൂരിറ്റിക്കായി ക്രൗഡ്സ്ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ. മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങളും മറ്റ് ലോക രാജ്യങ്ങളെ പോലെ ചൈന വാങ്ങുന്നില്ല. ആലിബാബ, ടെന്‍സെന്‍റ്, വാവെയ് തുടങ്ങിയ ചൈനീസ് കമ്പനികളാണ് ചൈനയിലെ പ്രധാന ക്രൗഡ് സേവനദാതാക്കള്‍. 

Read more: ഇന്ത്യന്‍ സ്റ്റാർട്ടപ്പുകള്‍ക്ക് പ്രിയം എഐ ഉള്‍പ്പടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍

വിന്‍ഡോസ് ഒഎസുകള്‍ തകരാറിലായതോടെ ലോക രാജ്യങ്ങളില്‍ പലയിടത്തും വിമാന സര്‍വീസുകള്‍ മുടങ്ങുകയും വൈകുകയും ചെയ്തിരുന്നു. എന്നാല്‍ ആഗോള ഐടി പ്രതിസന്ധി ചൈനയെ ഒരുതരത്തിലും ബാധിച്ചില്ല എന്ന് ചൈനീസ് പൊതുമേഖല വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ബീജിംഗ് വിമാനത്താവളവും എയര്‍ ചൈന അടക്കമുള്ള ചൈനീസ് വിമാന കമ്പനികളും പറയുന്നത് ആഗോള ഐടി പ്രതിസന്ധിക്കിടെയും ഞങ്ങളുടെ സര്‍വീസുകള്‍ മുറയ്ക്ക് നടന്നു എന്നാണ്. യുഎയിലും യുകെയിലും ഇന്ത്യയിലുമടക്കം വിമാന സര്‍വീസുകള്‍ മുടങ്ങുന്ന കാഴ്‌ച വിന്‍ഡോസിലെ തകരാര്‍ മൂലമുണ്ടായിരുന്നു. അമേരിക്കയില്‍ മാത്രം നൂറുകണക്കിന് വിമാന സര്‍വീസുകളാണ് മുടങ്ങിയത്. 

അതേസമയം ചൈനയിലെ ചില സ്ഥാപനങ്ങളെ വിന്‍ഡോസ് പ്രശ്‌നം ബാധിച്ചിട്ടുമുണ്ട്. എന്നാല്‍ അവ ചൈനീസ് സംരംഭകരല്ല, മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന വിദേശത്ത് നിന്നുള്ള കമ്പനികളാണ്. ആഗോള ഹോട്ടല്‍ ശൃംഖലകളായ ഷെറാട്ടണ്‍, മാരിയറ്റ്, ഹയാത്ത് തുടങ്ങിയവയുടെ ചൈനയിലെ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ആളുകള്‍ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് കമ്പനികളും വിദേശ ഐടി സംരംഭകരുടെ സേവനങ്ങള്‍ ഒഴിവാക്കി പ്രാദേശിക കമ്പനികളുടെ സേവനങ്ങള്‍ സ്വീകരിച്ചുവരികയാണ് എന്നും ബിബിസി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

Read more: ഉറപ്പായി, ലോകം നേരിട്ടത് ഏറ്റവും വലിയ ഐടി പ്രതിസന്ധി തന്നെ; മൈക്രോസോഫ്റ്റിന്‍റെ കണക്കുകള്‍ സാക്ഷി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍